വരാപ്പുഴയിൽ ഗൃഹനാഥന്റെ ആത്മഹത്യ, പൊലീസിന്റെ ഭാഗത്ത് അനാസ്ഥയെന്ന് ആരോപണം

First Published 7, Apr 2018, 1:00 PM IST
Varappuzha suicide case relatives against police
Highlights

കേസിൽ ഇതു വരെ 9 പേർ അറസ്റ്റിലായി.ഇനിയും ആറ് പേർ കൂടി പിടിയിലാകാനുണ്ട്

കൊച്ചി: വരാപ്പുഴയിൽ ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന്  അനാസ്ഥ ഉണ്ടായതായി മരിച്ച വാസുദേവന്റെ അമ്മ മാണിക്യം. കുടുംബത്തിനുണ്ടായ ഭീഷണിയെ കുറിച്ച് പൊലീസിനെ അറിയിച്ചിട്ടും കൃത്യ സമയത്ത് ഇടപെട്ടില്ലെന്നാണ് ആക്ഷേപം. ആർഎസ്എസ് പ്രവർത്തകരുടെ വീട് കയറിയുള്ള  ആക്രമണത്തത്തിൽ മനം നൊന്താണ് മകൻ മരിച്ചതെന്നും അമ്മ പറയുന്നു.

പ്രദേശത്തെ ചില യുവാക്കൾ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസം താനും ഇളയമകൻ ഗണേഷും വരാപ്പുഴ സ്റ്റേഷനിൽ പോയിരുന്നെന്നാണ് മാണിക്യം പറയുന്നത്.എന്നാൽ പരാതി പറഞ്ഞിട്ടും പൊലീസ് തിരിച്ചയച്ചു.പൊലീസ് കൃത്യ സമയത്ത് ഇടപെട്ടിരുന്നെങ്കിൽ വീട് കയറിയുള്ള ആക്രമണവും തുടർന്നുള്ള മകന്റെ മരണവും ഉണ്ടാകുമായിരുന്നില്ല.

എന്നാൽ തങ്ങളുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.വാസുദേവന്റെ അമ്മ മാണിക്യം പരാതിയുമായി പൊലീസ് സ്റ്റേഷനിൽ വന്നിട്ടില്ല.വീട് കയറിയുള്ള ആക്രമണത്തിന് ശേഷം മാത്രമാണ് പരാതി ലഭിച്ചത്. എന്നാൽ ആർഎസ്എസ് ബന്ധമുള്ള പ്രദേശത്തെ ചില യുവാക്കൾ ഏറെക്കാലമായി മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നാട്ടുകാരും പറയുന്നു.ഇവർക്ക് പൊലീസിൽ ചിലരുടെയും പിന്തുണ ഉണ്ടെന്നാണ് ആക്ഷേപം.

കേസിൽ ഇതു വരെ 9 പേർ അറസ്റ്റിലായി.ഇനിയും ആറ് പേർ കൂടി പിടിയിലാകാനുണ്ട്.സംഭവത്തിൽ പ്രതിഷേധിച്ച് വരാപ്പുഴ മേഖലയിൽ ഇന്ന് സിപിഎം ഹർത്താൽ ആണ്.

loader