കാറ്റ് തുടരുന്ന പശ്ചാത്തലത്തില്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ കടലോര ജില്ലകളിലും ഇന്നും ജാഗ്രതാ നിര്‍ദ്ദേശം തുടരും. ചെന്നൈക്ക് തൊട്ടടുത്തുള്ള പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പലയിടത്തും ട്രാന്‍സ്‌ഫോമറുകള്‍ കേടായതിനാല്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. മൊബൈല്‍ ടവറുകള്‍ തകര്‍ന്നതിനാല്‍ പലയിടത്തും വാര്‍ത്താവിനിമയവും തടസ്സപ്പെട്ടു. കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്ത് റോഡ് ഗതാഗതം സുഗമമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.  

ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ ചിത്രം ഇനിയും ലഭ്യമായിട്ടില്ല.കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കഴിഞ്ഞ 24മണിക്കൂറില്‍ ചെന്നൈയില്‍ മാത്രം ശരാശരി 10സെന്റീമീറ്റര്‍ വരെ മഴ പെയ്തതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴ തുടരുന്നു സാഹചര്യത്തില്‍ ചെന്നൈയിലെ രണ്ട് പ്രധാനപ്പെട്ട റിസര്‍വോയറുകളായ ചെന്പരംപാക്കം, പൂന്തി എന്നീ ചെറുഅണക്കെട്ടുകളിലെ ജലനിരപ്പ് ജില്ലാ ഭരണകൂടം നിരീക്ഷിച്ച് വരികയാണ്.

കഴിഞ്ഞ വര്‍ഷം ഈ അണക്കെട്ടുകള്‍ കൃത്യ സമയത്ത് തുറന്ന് വിടാത്തതാണ് ചെന്നൈയില്‍ പ്രളയം ദുരന്തം വിതച്ചത്. കനത്ത കാറ്റിലും മഴയിലും പെട്ട് 9പേരാണ് തമിഴ്‌നാട്ടില്‍ മാത്രം മരിച്ചത്. ഇതില്‍ മൂന്ന് വയസ്സുള്ള കുഞ്ഞും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു.  ആന്ധ്രാപ്രദേശിന്റെ പലഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ജാഗ്രതാ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 9000പേരെ തീരദേശ ജില്ലകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചിരുന്നു. കര്‍ണാടകത്തിന്റെ പലഭാഗങ്ങളിലും കാറ്റും മഴയും ഉണ്ടായി.