ചെന്നൈ: ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചരയോടെയാണ് വിശാഖപട്ടണത്തിന് തെക്ക് കിഴക്കായി ബംഗാള്‍ ഉള്‍ക്കടലില്‍ 1260 കിലോമീറ്റര്‍ അകലെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. കൊടുംചുഴലിക്കാറ്റ് വര്‍ധ തമിഴ്‌നാട്ടിലെ ചെന്നൈക്കും ആന്ധ്രയിലെ ശ്രീഹരിക്കോട്ടേക്കും ഇടയ്ക്കുള്ള തീരത്തോടടുക്കുകയാണ്. ഉച്ചയ്ക്ക് 1.30ഓടെയാണ് വര്‍ദ്ധ തമിഴ്‌നാട് തീരത്തെത്തിയത്.

ചെന്നൈ തീരത്തുനിന്ന് വടക്കു കിഴക്കായി ബംഗാള്‍ ഉള്‍ക്കടലില്‍നിന്നാണ് വര്‍ദ്ധ ഇപ്പോള്‍ തമിഴ്‌നാട് തീരത്തേക്ക് വന്നിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ചെന്നൈ നഗരത്തില്‍ ഇന്നു പുലര്‍ച്ചെ മുതല്‍ കാറ്റും മഴയും ശക്തമായി. 100ലേറെ മരങ്ങളും കടപുഴകി. തിരുവള്ളൂരില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വേഗത്തില്‍ ചെന്നൈയില്‍നിന്നും 60 കിലോമീറ്ററകലെ പുലികാറ്റില്‍ ആഞ്ഞടിക്കുമെന്നാണ് കരുതപ്പെടുന്നത്.

തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം പ്രദേശങ്ങളില്‍ കൊടും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണം. ചെന്നൈ മറീനാ ബീച്ചിലും തിരുവള്ളൂരിലും ഇതിനകംതന്നെ കനത്ത മഴയും കാറ്റുമാണ്. പുതുച്ചേരിയിലേക്കും, ആന്ധ്രാ പ്രദേശിലെ ഓന്‍ഗോള്‍, നെല്ലൂര്‍ ജില്ലകളിലേക്കും ചുഴലിക്കാറ്റ് പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്.