വാസുദേവന്റെ ആത്മഹത്യ കേസിൽ മുഴുവൻ പ്രതികളെയും പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധവുമായി കുടുംബം കസ്റ്റഡിമരണക്കേസിലെ അതേ വേഗം വീടാക്രമണ കേസിലും വേണമെന്ന് ആവശ്യം

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണത്തിന് കാരണമായ ആത്മഹത്യ കേസിൽ മുഴുവൻ പ്രതികളെയും പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധവുമായി മരിച്ച വാസുദേവന്റെ കുടുംബം.മൂന്ന് പ്രതികളുടെ കീഴടങ്ങലിന് പിന്നിൽ ബിജെപിയുടെ നാടകമാണെന്നും മകൻ വിനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാസുദേവൻ ആത്മഹത്യ ചെയ്തിട്ട് ഇന്ന് ഒരു മാസം തികയുകയാണ്.

വരാപ്പുഴയിലെ കസ്റ്റഡി കൊലയുടെ തുടക്കം വാസുദേവന്റെ വീടാക്രമണമായിരുന്നു. കേസിൽ പൊലീസ് ആളുമാറി പ്രതിയെ പിടികൂടുകയും കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെടുകയും ചെയ്തതോടെ വീടാക്രമണകേസിലെ അന്വേഷണം നിലച്ചു. ശ്രീജിത്തിന്റെ കസ്റ്റഡിമരണവും വീടാക്രമണവും അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചുണ്ടെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിയാത്തതിലാണ് കുടുംബത്തിന്റെ പ്രതിഷേധം.

തന്റെ വീടാക്രമിച്ച സംഘത്തിൽ പത്തിലേറെ പേരുണ്ടായിരുന്നു. പ്രധാനികള്‍ ഇപ്പോഴും ഒളിവിലാണ്. കസ്റ്റഡി കൊല കേസിൽ അന്വേഷണസംഘം കൈക്കൊണ്ട് അതേ വേഗം വീടാക്രമണകേസിലും വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അച്ഛന് ആത്മഹത്യ ചെയ്ത് 29ാം ദിവസം മൂന്ന് പ്രതികൾ കീഴടങ്ങിയതിന് പിന്നിൽ നാടകം ഉണ്ടെന്നും വീനീഷ് ആരോപിക്കുന്നു.

അതേസമയം വീടാക്രമണകേസിൽ കീഴടങ്ങിയവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷ നാളെ പറവൂർ കോടതി പരിഗണിക്കും. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മുഴുവൻ പ്രതികളെ കുറിച്ചും കൃത്യമായ വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.