ഗള്‍ഫ്‌ രാജ്യങ്ങളില്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിനു സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. അഞ്ച് ശതമാനം വരെയാണ് വാറ്റ് ഈടാക്കുക. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അടുത്ത വര്‍ഷം മുതല്‍ ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത മൂല്യ വര്‍ധിത നികുതി നടപ്പിലാക്കാനുള്ള നിര്‍ദേശത്തിനു സൗദി മന്ത്രിസഭ അംഗീകാരം നല്‍കി.

ചില ഉല്‍പ്പന്നങ്ങള്‍ക്ക് അമ്പത് മുതല്‍ നൂറു ശതമാനം വരെ നികുതി ഈടാക്കാനുള്ള നിര്‍ദേശത്തിനും സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. നികുതി നിര്‍ദേശത്തിനു കഴിഞ്ഞയാഴ്ച സൗദി ശൂറാ കൌണ്‍സില്‍ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ഇപ്പോള്‍ മന്ത്രിസഭയുടെ കൂടി അംഗീകാരം ലഭിച്ചിരിക്കുന്നത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി ജി സി സി രാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താമെന്ന നിര്‍ദേശം നേരത്തെ ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട്‌ മുന്നോട്ടു വെച്ചിരുന്നു.

ജി സി സി രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ ഇത് നടപ്പിലാക്കാന്‍ നിര്‍ദേശിച്ചിരുന്നു. അഞ്ച് ശതമാനം വരെയാണ് വാറ്റ് ഏര്‍പ്പെടുത്തുക. ഇതിനു പുറമേ പുകയില ഉല്‍പ്പനങ്ങള്‍, എനര്‍ജി ഡ്രിങ്ക്സ് തുടങ്ങിയവക്ക് നൂറു ശതമാനം വരെ നികുതി ഏര്‍പ്പെടുത്തും. ഇതോടെ പല നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കും എന്ന് ഉറപ്പായി. നേരത്തെ 192 ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി സബ്സിഡി സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. ഇതോടെ പല സാധനങ്ങള്‍ക്കും ഇരുപത്തിയഞ്ച് ശതമാനം വരെ വില വര്‍ധിച്ചിരുന്നു.