മലപ്പുറം: വട്ടപ്പാറയില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും ഇന്ധനം മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കോഴിക്കോട്, മലപ്പുറം,തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള പത്തോളം ഫയര്‍ഫോഴ്സ് യൂണിറ്റുകളും പോലീസും റവന്യൂ ഉദ്യോഗസ്ഥരുമടക്കം എണ്‍പതോളം പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. 

മലപ്പുറം ജില്ലയിലെ വട്ടപ്പാറ വളവ് നേരത്തെ മുതല്‍ തന്നെ അപകടങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. മുന്‍പും പലവട്ടം ഇവിടെ ടാങ്കറുകള്‍ മറിഞ്ഞിട്ടുണ്ട്. അപകടമുണ്ടായപ്പോള്‍ തന്നെ അരകിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പേരേയും സ്ഥലത്ത് നിന്നൊഴിപ്പിച്ച അധികൃതര്‍ ദേശീയപാത വഴിയുള്ള ഗതാഗതം വഴി തിരിച്ചു വിടുകയും അപകടസ്ഥലത്ത് മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയും വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.

രാവിലെ 11 മണിയോടെ ടാങ്കറില്‍നിന്നും വാതകം പൂര്‍ണമായി മാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കാനുള്ള കഠിനപ്രയത്നത്തിലാണ് അധികൃതര്‍.അതേസമയം വട്ടപ്പാറയില്‍ നിരന്തരം അപകടങ്ങളുണ്ടാക്കുന്നതില്‍ നാട്ടുകാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. നാട്ടുകാരില്‍ ചിലര്‍റോഡ് ഉപരോധമടമക്കുള്ള പ്രതിഷേധങ്ങള്‍ക്ക് ഒരുങ്ങിയെങ്കിലും ഉദ്യോഗസ്ഥര്‍ ഇവരെ അനുനയിപ്പിച്ചു നിര്‍ത്തുകയാണ്.