പഠന ഗവേഷണ മേഖലകളിൽ ഒരു കാലത്ത് അഭിമാനകരമായ നേട്ടങ്ങൾ അവകാശപ്പെട്ടിരുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് വൻ നിലവാര തകര്‍ച്ചയിലാണ്. ഭരണതലത്തിലും അക്കാദമിക് നിലവാരത്തിലും ഒരു പോലെ സര്‍വ്വകലാശാലകൾ പുറകിൽ പോയതെങ്ങനെയാണ്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു; 'ഉന്നം തെറ്റിയ ഉന്നത വിദ്യാഭ്യാസം'...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകൾ നാഥനില്ലാ കളരികൾ. എംജിയും കുസാറ്റും അടക്കം നാല് സര്‍വ്വകലാശാലകൾക്ക് നിലവിൽ വൈസ് ചാൻസിലര്‍മാരില്ല. പ്രവര്‍ത്തന മികവിന്റെ പട്ടികയെടുത്താൽ ദേശീയ റാങ്കിംഗിൽ ആദ്യ ഇരുപതിൽ പോലും കേരളത്തിൽ നിന്ന് ഒരു സര്‍വ്വകലാശാല ഇടം നേടിയിട്ടുമില്ല.
കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാല അടക്കം കേരളത്തിലാകെ ഉള്ളത് 13 സര്‍വ്വകലാശാലകളാണ്. കേരളത്തില തന്നെ ആദ്യ സര്‍വ്വകലാശാലയായ കേരളാ യൂണിവേഴ്സിറ്റിയില്‍ 2018 ഫെബ്രുവരിയിൽ ഒഴിഞ്ഞ വൈസ് ചാൻസിലര്‍ കസേരയിൽ ആളെത്തിയത് കഴിഞ്ഞ ആഴ്ചയാണ്.
സാങ്കേതിക സര്‍വ്വകലാശാലയിൽ ഒമ്പത് മാസമായി വിസിയില്ല. വൈസ് ചാൻസിലറുടെ യോഗ്യത പലതവണ കോടതി കയറിയ എംജി സര്‍വ്വകലാശാലയിൽ നിന്ന് വിസി പടിയിറങ്ങിയിട്ട് ഒരുമാസമായി. വൈസ് ചാൻസിലരുടെ കാലാവധി തീരുന്നതിന് മൂന്ന് മാസം മുൻപെങ്കിലും പകരം ആളെ കണ്ടെത്തണമെന്നാണ് ചട്ടം എന്നിരിക്കെ വെറ്റിനറി സര്‍വ്വകലാശാലയിൽ ഡോ. ബി അശോക് സ്ഥാനമൊഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും പകരം ആളെത്തിയിട്ടില്ല.
ഭരണ തലത്തിൽ മാത്രമല്ല , പഠന നിലവാരത്തിന്റെ കാര്യത്തിലും സ്ഥിതി അത്ര മെച്ചമല്ല. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അക്കാദമിക് റാങ്കിങ്ങിൽ കേരള സര്‍വ്വകലാശാലക്ക് കിട്ടിയത് 100 ൽ 30ാം സ്ഥാനമാണ്. എംജിക്ക് 34ാം റാങ്ക്. കുസാറ്റ് 69 ഉം കാലിക്കറ്റ് യൂണിവേഴ്സിറ്റി 73ാം സ്ഥാനത്തുമാണ്.
സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് വൈസ് ചൻസിലറെ തെരഞ്ഞടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ ഇടപെട്ട് പിരിച്ച് വിട്ടിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. രാഷ്ട്രീയ അതിപ്രസരത്തിന്റെ പേരുപറഞ്ഞ് പുനസംഘടിപ്പിക്കേണ്ടി വന്ന കമ്മിറ്റികൾ വേറെയുമുണ്ട്.
