രാത്രി 5 മണിക്ക് ശേഷം ഒരു തരത്തിലുള്ള പ്രവര്‍ത്തനവും ഇവിടെ നടക്കുന്നില്ലെന്ന് സതീശന്‍ പറയുന്നു. 30,000ത്തില്‍ പരം ആളുകള്‍ക്ക് വിവിധ ദുരിതാശ്വാസ ക്യാമ്പിലുണ്ട് ഇതില്‍ ഒരു 5000 പേര്‍ക്ക് മാത്രമേ ഭക്ഷണം ഒരുക്കാന്‍ കഴിയുന്നുള്ളൂ. 

എറണാകുളം: പറവൂരില്‍ ഒരു തരത്തിലുള്ള രക്ഷാപ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് സ്ഥലം എംഎല്‍എ വിഡി സതീശന്‍. പറവൂരിലെ സാഹചര്യങ്ങള്‍ ഗുരുതരമാണ് എന്നാണ് വിഡി സതീശന്‍ പറയുന്നത്. രാത്രി 5 മണിക്ക് ശേഷം ഒരു തരത്തിലുള്ള പ്രവര്‍ത്തനവും ഇവിടെ നടക്കുന്നില്ലെന്ന് സതീശന്‍ പറയുന്നു. 30,000ത്തില്‍ പരം ആളുകള്‍ക്ക് വിവിധ ദുരിതാശ്വാസ ക്യാമ്പിലുണ്ട് ഇതില്‍ ഒരു 5000 പേര്‍ക്ക് മാത്രമേ ഭക്ഷണം ഒരുക്കാന്‍ കഴിയുന്നുള്ളൂ. അതേ സമയം പതിനായിരക്കണക്കിന് പേര്‍ വീട്ടിലും മറ്റും കുടങ്ങിയവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സാധിക്കുന്നില്ല.

ഭക്ഷണം കഴിക്കാന്‍ പോലും ഗതിയില്ലാതെ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ ദുരിതത്തിലാണ്. ഒരു കിറ്റ് മരുന്നുപോലും പറവൂര്‍ പ്രദേശത്ത് കിട്ടിയില്ല. മരുന്ന് തരേണ്ട ഡിഎംഒ അടക്കം ഫോണ്‍ എടുക്കുന്നില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തുന്നു. ഇത് ഫയര്‍ഫോഴ്സിന്‍റെയോ, പോലീസിന്‍റെയോ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ല ഇത്. നാല് ദിവസം മുന്‍പ് തന്നെ സൈന്യത്തെ പൂര്‍ണ്ണമായും ദൗത്യം ഏല്‍പ്പിക്കാന്‍ താന്‍ അഭിപ്രായപ്പെട്ടിരുന്നു. 

40 ഒളം ദുരന്ത നിവാരണ സംഘം ഇവിടെയുണ്ടെന്ന് പറയുന്നു, എന്നാല്‍ ഒരു സൈനികനും ഇവിടെ എത്തിയിട്ടില്ല. അതേ സമയം മുനമ്പത്ത് നിന്ന് എത്തിയ മത്സ്യബന്ധന ബോട്ടുകളും, രണ്ട് നേവി ബോട്ടുകളും മാത്രമാണ് ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നത്. ഇതുവരെ ഒരു പള്ളിനടന്ന് അതിന് അടിയില്‍ പെട്ടവരെയോ, അതില്‍ പരിക്ക് പറ്റിയവരെയോ രക്ഷിക്കാന്‍ സാധിച്ചില്ല എന്നത് ദുഖകരമാണ്.

ഇത് സൈന്യത്തെ പൂര്‍ണ്ണമായും ഏല്‍പ്പിക്കണം. കാരണം ഇത് നമ്മുടെ കയ്യില്‍ നില്‍ക്കുന്നതല്ല. എറണാകുളം ജില്ലയുടെ ചുമതലുള്ള മന്ത്രിയാരാണ് എന്ന് പോലും അറിയില്ല. ഒരു മന്ത്രിയും എന്നെ ഇവിടുത്തെ പ്രശ്നങ്ങള്‍ ചോദിച്ച് ഒരു മന്ത്രിയും വിളിച്ചിട്ടില്ല. ദിവസവും മുഖ്യമന്ത്രിയെ വിളിച്ച് സൈന്യത്തെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇനിയെങ്കിലും ഈ കാര്യത്തില്‍ യുക്തമായ തീരുമാനം എടുക്കണം. സതീശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.