കോഴിക്കോട്: സ്വന്തം പാർട്ടി സംവിധാനത്തെ വിമർശിച്ച് ജെഡിയു സംസ്ഥാന അദ്ധ്യക്ഷൻ എം.പി വീരേന്ദ്ര കുമാ‍ർ. സംഘടനാപരമായി പാർട്ടിയിൽ അരാജകത്വമാണെന്ന് എം.പി വീരേന്ദ്രകുമാർ പറഞ്ഞു. പ്രശ്നങ്ങൾ പാർട്ടികകത്ത് പരിഹരിക്കണമെന്നും താൻ പാർട്ടിയെ കുടുംബ സ്വത്താക്കിയിട്ടില്ലെന്നും വീരേന്ദ്രകുമാർ കോഴികോട് പറഞ്ഞു.

കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജെഡിയു സംസ്ഥാന അദ്ധ്യക്ഷൻ തുറന്നടിച്ചത്. പാർട്ടി ദുർബലാവസ്ഥയിലാണെന്ന് വിമർശനം ഉന്നയിച്ച വീരേന്ദ്രകുമാർ സിപിഐഎമ്മുമായി താരതമ്യം നടത്തിയാണ് പാർട്ടിയുടെ അപചയം ചൂണ്ടിക്കാട്ടിയത്. പാർട്ടി കുടുംബ സ്വത്താക്കിയെന്ന ആരോപണത്തെയും വീരേന്ദ്ര കുമാർ തള്ളി.

ജെഡിയു കോഴിക്കോട് ജില്ലാ കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീരേന്ദ്ര കുമാറിന്റെ നോമിനിയെ തെരഞ്ഞെടുപ്പിലൂടെ തോൽപ്പിച്ച് മനയത്ത് ചന്ദ്രൻ വീണ്ടും പ്രസിഡന്റായത് വീരേന്ദ്ര കുമാറിനെ ചൊടിപ്പിച്ചിരുന്നു. പുനസംഘടിപ്പിച്ച ജില്ലാ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് വീരേന്ദ്ര കുമാർ ശക്തമായ വിമർശനം ഉയർത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പോടെ പാർലമെന്ററി രംഗത്ത് പാർട്ടി അപ്രസക്തമായെന്ന പൊതു വിമർശം നിലനിൽക്കെ കൂടിയാണ് വീരേന്ദ്രകുമാറിന്റെ കുറ്റപെടുത്തൽ.