റിയാദ്: തൊഴില്‍ പ്രശ്‌നം നേരിടുന്ന ജിദ്ദയിലെ സൗദി ഓജര്‍ കമ്പനിയുടെ ലേബര്‍ ക്യാംപില്‍ കേരളത്തനിമയുള്ള ഒരു കൃഷിത്തോട്ടമുണ്ട്. പ്രതിസന്ധികാലത്ത് ഈ തോട്ടത്തിലെ അധ്വാനം തൊഴിലാളികള്‍ക്ക് ആശ്വാസമാണ്. പുതിയ സാഹചര്യത്തില്‍ ഈ കൃഷിയിടം വിട്ടുപോകേണ്ടിവരുന്നതിന്റെ വിഷമത്തിലാണ് ഇവിടെയുള്ള മലയാളികള്‍.
സൗദി ഓജര്‍ കമ്പനിയിലെ ജിദ്ദയിലെ സോജക്‌സ് ലേബര്‍ കേമ്പില്‍ നിന്നാണ് ഈ കാഴ്ച. മലയാളത്തിന്റെ സ്വന്തം വിഭവങ്ങള്‍ സമൃദ്ധമായി വിളയുന്ന ഈ കൃഷിത്തോട്ടത്തിന് മൂന്നു വര്‍ഷത്തെ പഴക്കമുണ്ട്. പാലായ്ക്കടുത്ത പൈക സ്വദേശിയായ ജോയ് വട്ടക്കുന്നേലിന്റെ അധ്വാനമാണ് ഇതത്രയും. പ്രവാസ ജീവിതത്തിന്റെ കഷ്ടതകളും വേദനകളും മറയ്ക്കാനും വിഷമുക്തമായ ആഹാരം ലഭിക്കാനും ക്യാംപിലുള്ള മലയാളികള്‍ക്ക് ഈ കൃഷി ഏറെ പ്രയോജനപ്പെട്ടു.
കൃഷി ചെയ്യുന്നതിലും വിളവ് തീന്മേശയില്‍ എത്തിക്കുന്നതിലും സുഹൃത്തുക്കളുടെ പൂര്‍ണ സഹകരണം ജോയിക്കൊപ്പമുണ്ട്. ക്യാംപിലെ വിശാലമായ സ്വിമ്മിംഗ് പൂളിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലങ്ങളിലാണ് കൃഷിയുള്ളത്. പുതിയ തൊഴില്‍ സാഹചര്യത്തില്‍ സ്വിമ്മിംഗ് പൂളില്‍ വെള്ളം നിറയ്ക്കാറില്ല. അതുകൊണ്ട് കനത്ത ചൂടിലും ഏറെ പ്രയാസപ്പെട്ട് ദൂരെ നിന്നും വെള്ളം എത്തിച്ചാണ് മരങ്ങള്‍ നനയ്ക്കുന്നത്.
