ഈ കേസിന്‍റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലുകളില്‍ തെളിയാതെ കിടന്ന 27 മോഷണക്കേസുകളിലാണ് തുമ്പുണ്ടായത്. തുമ്പുണ്ടായെന്ന് മാത്രമല്ല, 16 പ്രതികളെ കയ്യോടെ പിടികൂടാനും സാധിച്ചു
മാനന്തവാടി: കേരള പൊലീസിനെ വട്ടം കറക്കിയ കേസുകളിലൊന്നാണ് വെള്ളമുണ്ടയിലെ ഇരട്ട കൊലപാതകം. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
ഈ കേസിലെ അന്വേഷണം പല ഘട്ടത്തിലും വഴിമുട്ടി. പ്രതിക്ക് വേണ്ടി നാടായ നാടെല്ലാം വലവിരിച്ച പൊലീസ് ഇക്കഴിഞ്ഞ ദിവസമാണ് കൊലപാതകം നടത്തിയ തൊട്ടില്‍പ്പാലം മരുതോരുമ്മല്‍ വിശ്വനാഥനെ പിടികൂടിയത്. കൊല്ലപ്പെട്ട ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയതെന്ന് വിവരം.
ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നതിനാല്‍ പൊലീസിനെതിരെ പലരും വാളെടുത്തു. അവസാനം പ്രതിയെ പിടികൂടിയതിന്‍റെ ആശ്വാസത്തിലാണ് അന്വേഷണ സംഘം. എന്നാല്‍, വെള്ളമുണ്ടയിലെ ഇരട്ട കൊലപാതകം മറ്റ് പല തരത്തിലാണ് പൊലീസിന് സഹായിച്ചത്.
ഈ കേസിന്‍റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലുകളില്‍ തെളിയാതെ കിടന്ന 27 മോഷണക്കേസുകളിലാണ് തുമ്പുണ്ടായത്. തുമ്പുണ്ടായെന്ന് മാത്രമല്ല, 16 പ്രതികളെ കയ്യോടെ പിടികൂടാനും സാധിച്ചു. വെള്ളമുണ്ടയിലെ ഇരട്ട കൊലപാതകം മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമാണ് അന്വേഷിച്ചത്.
അന്വേഷണത്തിന്‍റെ ഭാഗമായി രണ്ട് മാസം കൊണ്ട് 700 കള്ളന്മാരെയാണ് ചോദ്യം ചെയ്തത്. കൊല്ലപ്പെട്ട ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. ഇതോടെ മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസിന് കൃത്യമായ സംശയമുണ്ടായിരുന്നു.
കള്ളന്മാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാകാനുള്ള കാരണം ഇതാണ്. വയനാട്, കോഴിക്കോട് ജില്ലകളില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കവര്‍ച്ചാക്കേസുകളുകളെ ചരിത്രം ചികഞ്ഞെടുത്ത് വീണ്ടും അന്വേഷണം തുടങ്ങി. വീണ്ടും ഇത്തരം കേസുകളില്‍ പ്രതിയായിട്ടുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തെളിയാതെ കിടന്ന കേസുകളിലേക്കുള്ള വെളിച്ചം ലഭിച്ചത്.
