ബിഡിജെഎസിനെ വെടക്കാക്കി തനിക്കാക്കാനാണ് ബിജെപി ശ്രമം ചെങ്ങന്നൂരിൽ ബി ഡി ജെ എസ് തനിച്ചു മത്സരിച്ചു ശക്തി കാണിക്കണമെന്ന് വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ ബി.ഡി ജെ.എസ് ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ. ബി ഡി.ജെഎസ് ഇല്ലാതെ ചെങ്ങന്നൂരിൽ ഇന്ന് എൻ.ഡിഎ കൺവൻഷൻ നടക്കാനിരിക്കെയാണ് വെളളാപ്പളളിയുടെ പരാമർശം. എന്നാൽ ബി ഡി ജെ എസ് വോട്ടുകൾ ചോരില്ലെന്ന് പി എസ് ശ്രീധരൻ പിള്ളയും പ്രതികരിച്ചു.

ഇന്നു വൈകുന്നേരമാണ് ചെങ്ങന്നൂരിൽ എൻ ഡി എ സ്ഥാനാർഥ്രി പി.എസ് ശ്രീധരൻ പിള്ളയുടെ തെരഞ്ഞെടുപ്പ് കണവൻഷൻ. വേദിയിലെ പോസ്റ്ററിൽ തുഷാർ വെള്ളാപ്പള്ളിയുടെ ചിത്രമുണ്ടങ്കിലും ബി ഡി ജെ ' എസിന്റെ പതാക എങ്ങുമില്ല. മൈക്ക് അനൗൺസ് മെന്റിലും തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല. ബി സി ജെ എസ് ബി ജെ പി തർക്കം തുടരുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശൻ തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ചെങ്ങന്നൂരിൽ ബി.ഡി ജെ.എസ് തനിച്ചു മൽസരിച്ചാൽ മറ്റ് രാഷട്രീയ പാർട്ടികൾക്ക് അത് മുന്നറിയിപ്പാകും. അല്ലെങ്കിൽ എങ്ങുമെത്തില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

ബി ഡി ജെ എസ് എൻ ഡി എ വിടുമെന്ന പ്രചാരണം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് വി. മുരളീധരൻ എം പി പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബി.ഡി ജെ.എസ് നിസഹകരണം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർഥി പി.എസ് ശ്രീധരൻ പിള്ള പ്രതികരിച്ചു. എന്നാല്‍ ആരു വിളിച്ചാലും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കില്ലെന്ന് ബി.ഡി ജെ.എസ് നേതാക്കൾ അറിയിച്ചു. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നത്.