മലപ്പുറം: ബിഡിജെഎസിനെ പ്രതിസന്ധിയിലാക്കി വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം സന്ദര്‍ശനം. ഉച്ചയോടെ നിലമ്പൂരിലെത്തിയ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുപോയി. പ്രചരണത്തില്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല സ്ഥാനാര്‍ത്ഥിയെ പോലും കാണാന്‍ വെള്ളാപ്പള്ളി കൂട്ടാക്കിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹെലികോപ്ടര്‍ അടക്കം കൊടുത്ത് ബിജെപി അവരുടെ സ്റ്റാര്‍ കാംപൈനര്‍ ആക്കിയ വെള്ളാപ്പള്ളിയാണ് ഇപ്പോള്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നത്..
കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പ് പ്രചരണത്തിന് ബിജെപി നല്‍കിയ ഹെലികോപ്റ്ററില്‍ വെള്ളാപ്പള്ളി എൻഡിഎയുടെ പ്രചരണം നയിച്ചു. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം വെള്ളാപ്പള്ളി നടേശന‍് ബിജെപിയുമായി പിണങ്ങി. പിണങ്ങിയെന്ന് മാത്രമല്ല രൂക്ഷമായി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരിക്കുകയും ചെയ്തു. ബിഡിജെഎസ്സിന് നല്‍കാമെന്ന് പറഞ്ഞത് കിട്ടാത്തതിലുള്ള പ്രതിഷേധമാണ് വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്.
മലപ്പുറം ഉപതരെഞ്ഞെടുപ്പിനിടെ മലപ്പുറത്തെത്തിയ വെള്ളാപ്പള്ളി നടേശന്‍ ബിഡിജെഎസ്സിനെയും ബിജെപിയെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി. പ്രചരണത്തിന് പോയില്ലെന്ന് മാത്രമല്ല, സ്ഥാനാര്‍ത്ഥിയെ പോലും കാണാന്‍ കൂട്ടാക്കിയില്ല. മലപ്പുറത്ത് എത്തിയിട്ടും പ്രചരണത്തില്‍ പങ്കെടുക്കാതെ വാഗ്ദാനം പാലിക്കാത്ത ബിജെപി നേതൃത്വത്തോടുള്ള അമര്‍ഷം ഒന്നു കൂടി പ്രകടപ്പിക്കുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം.
