നാട്ടിലെത്താന്‍ കഴിയാത്ത വിദ്യര്‍ഥികള്‍ക്ക് മസ്ക്കറ്റില്‍ "വേനല്‍ത്തുമ്പി'

മസ്കറ്റ്: അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി മസ്ക്കറ്റിൽ വേനൽത്തുന്പി പരിശീലനക്യാന്പ്. അഞ്ച് മുതൽ പതിനഞ്ച് വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്കായാണ് ക്യാന്പ്. മലയാള ഭാഷയെയും സംസ്കാരത്തെയും വരും തലമുറയിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം വേനൽ തുമ്പികൾ എല്ലാ വർഷവും സംഘടിപ്പിച്ച്‌ വരുന്നത്.

കുട്ടികളുടെ അവധിക്കാലം , "വിനോദത്തോടൊപ്പം അറിവും" എന്ന ആശയത്തിൽ ഇത് പതിനാറാം വർഷമാണ് കേരള വിഭാഗത്തിനെ നേതൃത്വത്തിൽ വേനൽക്കാല ക്യാമ്പ് നടക്കുന്നത്. അധ്യാപകനും, ബാലസംഘം "വേനൽ തുമ്പി" സംസ്ഥാന തല സംഘാടകനും , കുട്ടികൾക്കായി നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ള സുനിൽ കുന്നരു ആണ് ഈ വർഷത്തെ വേനൽ തുമ്പിക്ക് നേതൃത്വം നൽകുന്നത്.

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഇരുനൂറോളം കുട്ടികൾ നാല് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. പാട്ടും കവിതയും ഒപ്പനയും നാടകവും മലയാള ഭാഷയും ഉള്‍പ്പെട്ട പരിശീലനമാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാം മറന്നു , വേനൽ അവധി ആസ്വദിക്കുകയാണ് മസ്‌കറ്റിലെ ഈ കൊച്ചു കൂട്ടുകാർ.