മലപ്പുറം: ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവില്‍, വേങ്ങര ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. രാവിലെ ഏഴുമണി മുതലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ആകെ ഒരു ലക്ഷത്തി എഴുപതിനായിരത്തി ആറ് വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. വിവിപാറ്റ് സംവിധാനം ആദ്യമായി പൂര്‍ണതോതില്‍ ഉപയോഗപ്പെടുത്തുന്ന തെരഞ്ഞെടുപ്പാണ് വേങ്ങരയിലേത്. മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലീഗിലെ കെ എന്‍ എ ഖാദറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ പി പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രനും എസ്ഡിപിഐയുടെ കെ.സി.നസീറും വേങ്ങരയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ലീഗിന് വെല്ലുവിളിയുയര്‍ത്തി, വിമതന്‍ കെ.ഹംസയും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.