മലപ്പുറം: വേങ്ങര കൂരിയാട് വാഹന പരിശോധനക്കിടെ 9,45,000 രൂപയും 35 ആര്‍സി ബുക്കുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ച് സ്റ്റേഷന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ വേങ്ങര പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ബാഗിനുള്ളില്‍ പണവും ആര്‍സി ബുക്കും കണ്ടെത്തിയത്. 

പൊലീസിനെ കണ്ടതിനെ തുടര്‍ന്ന് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതാണെന്നാണ് കരുതുന്നത്. പിടിച്ചെടുത്തവ ചൊവ്വാഴ്ച മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കണ്ടെത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള പണമല്ലെന്ന് പൊലീസ് അറിയിച്ചു.