മലപ്പുറം: വരാനിരിക്കുന്ന വേങ്ങര ഉപതെരെഞ്ഞെടുപ്പിന്ന പ്രത്യേകതകള്‍ ഏറെയാണ്. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് വോട്ടിങ് മെഷീനിലും വേങ്ങരയില്‍ മാറ്റമുണ്ടാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെ വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരുന്നു.
ഇത്തരത്തില്‍ പൂര്‍ണമായും വിവി പാറ്റ് സംവിധാനമുള്ള മെഷീനുകള്‍ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പാകും വേങ്ങരയിലേത്. എല്ലാ ബൂത്തുകളിലും ഇത്തരം മെഷനുകളാകും ഉപയോഗിക്കുക. ഈ സംവിധാനം അനുസരിച്ച് ഒരാള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില്‍ വോട്ട് ചെയ്യുമ്പോള്‍ തന്നെ താന്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്ന് കാണിക്കുന്ന ഒരു പ്രിന്റ് ചെയ്ത കടലാസ് കാണാന്‍ കഴിയും. അയാള്‍ വോട്ടിംഗ് ചെയ്തു തീരുന്ന മുറയ്ക്ക് ആ കടലാസ് ബാലറ്റ് ബോക്‌സില്‍ വീഴുകയും അത് സംരക്ഷിക്കപ്പെടുകയും ചെയ്യും.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച സെപ്തംബര്‍ 15മുതല്‍ മുതല്‍ 22 തീയതി വരെ നോമിനേഷനുകള്‍ സ്വീകരിക്കും. 1,68,475 വോട്ടര്‍മാരാണ് വേങ്ങരയിലുള്ളത്. ഇതില്‍ 86 934 പേര്‍ പുരുഷന്‍മാരും 81541 പേര്‍ സ്ത്രീകളുമാണ്. 148 പോളിംങ്ങ് സ്റ്റേഷനുകളാണുള്ളത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ നോമിനേഷനുകളും സമര്‍പ്പിച്ചു തുടങ്ങി. തമിഴ്‌നാടു സ്വദേശി പത്മരാജനാണ് ആദ്യപത്രിക നല്‍കിയത്. 22 വരെ പത്രികള്‍ സമര്‍പ്പിക്കാം. സുരക്ഷ പരിശോധന 25ന് നടക്കും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 27നാണ്.
