തെരഞ്ഞെടുപ്പ് ആവേശത്തില്‍ പങ്കാളികളാകാന്‍ വേങ്ങരയിലെ പ്രവാസി വോട്ടര്‍മാര്‍ കൂട്ടത്തോടെ നാട്ടിലേക്ക്.പ്രവാസി സംഘടനയില്‍ അംഗങ്ങളായവരുടെ കണക്കെടുത്ത് അവരെ നാട്ടിലെത്തിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നേതൃത്വങ്ങളും തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മണ്ഡലമാണ് വേങ്ങര. പതിറ്റാണ്ടുകളായി തുടരുന്ന പ്രവാസ ജീവിതമാണെങ്കിലും തെരഞ്ഞെടുപ്പായാല്‍ എല്ലാവരും മണ്ഡലത്തിലെത്തും. 1,56,000 വോട്ടര്‍മാരുടെ വേങ്ങരയില്‍ 40,000 പ്രവാസി വോട്ടുകളുണ്ടെന്നാണ് കണക്ക്. ഇരു മുന്നണികള്‍ക്കും ഓരോ പ്രവാസി വോട്ടുകളും പ്രധാനമാണ്. അതുകൊണ്ട് തന്നെ സ്വമേധയാ എത്തുന്ന പ്രവര്‍ത്തകരെ കൂടാതെ അനുഭാവികളെ കൂടി നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വങ്ങള്‍. ഗള്‍ഫില്‍ മാത്രമല്ല ചെന്നൈയില്‍ 150ഉം ബെംഗളൂരുവില്‍ 300ല്‍ അധികവും വേങ്ങരയിലെ വോട്ടര്‍മാരുണ്ട്. ഇവരെ പോളിങ് ദിവസം നാട്ടിലെത്തിക്കാന്‍ പ്രത്യേകബസുകളും പാര്‍ട്ടികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.