വിഎച്ച്പിയെ മത തീവ്രവാദ സംഘടന എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം

ദില്ലി: അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി സിഐഎയ്ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി വിശ്വഹിന്ദു പരിഷത്ത്. ലോകത്തിലെ വിവിധ സംഘടനകളെക്കുറിച്ചും രാജ്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സിഐഎയുടെ പുസ്തകമായ വേള്‍ഡ് ബുക്കില്‍ വിഎച്ച്പിയെ മത തീവ്രവാദ സംഘടന എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. ബജ്‍റംഗ്ദളിനേയും മത തീവ്രവാദ സംഘടന എന്നാണ് സിഐഎ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്കെതിരായ സിഐഎയുടെ പ്രവര്‍ത്തനങ്ങളുടെ തെളിവാണ് സംഭവമെന്ന് വിഎച്ച്പി ആരോപിക്കുന്നു. വിഎച്ച്പി ദേശീയ പുരോഗതിയ്ക്കായി പരിശ്രമിക്കുന്ന ഒരു സംഘടന മാത്രമാണെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ പറയുന്നു. സിഐഎയുടെ ആരോപണം അടിസ്ഥാനരഹിതമായ നുണയാണെന്ന് അദ്ദേഹം പറഞ്ഞു. 

സിഐഎയ്ക്ക് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഈ നടപടിയിലൂടെ വ്യക്തമായതെന്നും വിഎച്ച് പി വിശദമാക്കുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ്, ആര്‍എസ്എസ്,ജാമിയ ഉലേമാ ഹിന്ദ് തുടങ്ങിയ പ്രസ്ഥാനങ്ങളെയും ഈ വിഭാഗത്തില്‍ തന്നെയാണ് സിഐഎ ഉള്‍പ്പെടുത്തിയിട്ടുള്ളത്.