തമാശ വീഡിയോ എന്ന പോലെ ആയിരങ്ങളാണ് ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്തത്

ടെക്‌സസ്: കളവ് നടത്തുമ്പോള്‍ സിസിടിവി ദൃശ്യങ്ങളില്‍ മുഖം പെടാതിരിക്കാന്‍ കള്ളന്മാര്‍ മുഖം മറയ്ക്കാറുണ്ട്. എന്നാല്‍ ടെക്‌സസ് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലെ കള്ളന്‍ കണ്ടവരിലൊക്കെ ചിരി പടര്‍ത്തുകയാണ്. 

മുഖം അടിവസ്ത്രം കൊണ്ട് മറച്ച കള്ളനാണ് കഥാപാത്രം. ടെക്‌സാസിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ മോഷണത്തിനെത്തിയതായിരുന്നു ഇയാള്‍. അടിവസ്ത്രം കൊണ്ട് തലയും മുഖവും മൂടി ജനാല വഴി പതുങ്ങി ഓഫീസിനകത്തേക്ക് കയറുന്ന കള്ളന്റെ ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീളമുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

കള്ളനെ തിരിച്ചറിയാനായാണ് പൊലീസ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്. എന്നാല്‍ ഒരു തമാശ വീഡിയോ എന്ന പോലെ ആളുകള്‍ വ്യാപകമായി വീഡിയോ ഷെയര്‍ ചെയ്യുകയാണ്. മുഖം സിസിടിവിയില്‍ പതിയാതിരിക്കാന്‍ ശ്രമിച്ചെങ്കിലും കളവ് നടത്തിയ ഓഫീസിലാകെ തന്റെ വിരലടയാളം പതിപ്പിച്ചാണ് കള്ളന്‍ മടങ്ങിയത്.