ഗായകനെ വേദിയില്‍ കെട്ടിപ്പിടിച്ച സൗദി യുവതി അറസ്റ്റില്‍

റിയാദ്: വേദിയില്‍ പാടുന്നതിനിടെ സദസില്‍ നിന്നെത്തി ഗായകനെ കെട്ടിപ്പിടിച്ച സൗദി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗായകന്‍ മജീദ് അല് മൊഹന്‍ദിസ് ടെയിഫില്‍ നടത്തിയ സംഗീത പരിപാടിക്കിടെയായിരുന്നു വിവാദമായ സംഭവം. പതുക്കെ നടന്നു തുടങ്ങിയ യുവതി വേദിക്കരികിലെത്തിയപ്പോള്‍ പെട്ടെന്ന് ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അല്‍പസമയം കെട്ടിപ്പിടിച്ച ശേഷം യുവതി തിരികെ സദസിലേക്ക് പോവുകയായിരുന്നു. 

ബന്ധുക്കളുമായല്ലാത്ത പുരുഷന്‍മാരുമായി പൊതു ഇടത്തില്‍ ഇടപഴകുന്നത് സൗദിയില്‍ നിയമവിരുദ്ധമാണ്. ഇത് ലംഘിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പൊതു ശിക്ഷയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അറബ് സംഗീതത്തിന്‍റെ രാജകുമാരന്‍ എന്നാണ് ഗായകന്‍ മൊഹന്‍ദിസ് അറിയപ്പെടുന്നത്. ഇറാഖ് സ്വദേശിയായ മെഹന്‍ദിസിന് സൗദിയിലും പൗരത്വമുണ്ട്. സ്ത്രീയുടെ അപ്രതീക്ഷമായ കെട്ടിപ്പിടിക്കലിന് ശേഷം മെഹന്‍ദിസ് ഗാനമേള തുടര്‍ന്നു.

നേരത്തെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇടപെടലുകളിലൂടെ പുട്ബോള്‍ കാണാനും പൊതു പരിപാടികളില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാനുമുള്ള അവസരങ്ങള്‍ ലഭിക്കുന്നത്. ചരിത്രത്തിലാധ്യമായി കഴിഞ്ഞ മാസം സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി ലഭിക്കുകയും വനിതകള്‍ വാഹനമോടിച്ച് തുടങ്ങുകയും ചെയ്തിരുന്നു.