കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ കച്ചവടത്തിന് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. സ്വകാര്യ സ്വശ്രയ സ്ഥാപനങ്ങളിലെ തലവരിപ്പണം, നിയമന കോഴ എന്നിവ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പുറത്തിറക്കിയ സര്‍ക്കുലര്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കോഴപ്പണം വാങ്ങുന്നില്ലെന്നും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറിലുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയുടെ പിന്തുണയും ഇക്കാര്യത്തില്‍ ജേക്കബ് തോമസിനുണ്ട്.
1)വിദ്യാഭ്യാസ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാന്‍ എഡ്യൂവിജില്‍ പദ്ധതി
2) പ്രവേശനത്തിന് തലവരിപ്പണം വാങ്ങാന്‍ പറ്റില്ലെന്ന് സര്‍ക്കുലറില്‍
3) നിയമനങ്ങളും അഴിമതി രഹിതമായിരിക്കണം
4)കോഴപ്പണം വാങ്ങുന്നില്ലെന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണം
5) നടപടികളുമായി മുന്നോട്ട്‌പോകാന്‍ ജേക്കബ് തോമസിന്റെ നി!ര്‍ദേശം
സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിലെ കച്ചവടം അവസാനിപ്പിക്കാനാണ് ജേക്കബ് തോമസിന്റെ പുതിയ നീക്കം. മുഴുവന്‍ വിജിലന്‍സ് ഓഫീസുകളിലേക്കും കഴിഞ്ഞ ദിവസം തയാറാക്കി അയച്ച സര്‍ക്കുലറില്‍ പറയുന്നത് ഇതാണ്. രാജ്യപുരോഗതിക്ക് അഴിമതി രഹിത വിദ്യാഭ്യാസ സംവിധാനം വേണം. അതിനാണ് എഡ്യു വിജില്‍ എന്ന പുതിയ പദ്ധതി. ഇതനുസരിച്ച് സ്‌കൂളുകളിലും കോളജുകളിലുമടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് തലവരിപ്പണം വാങ്ങാന്‍ പറ്റില്ല. ഈ സ്ഥാപനങ്ങളിലെ അധ്യാപക – അനധ്യാപക നിയമനങ്ങളും അഴിമതി രഹിതമായിരിക്കണം. ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും ലക്ഷ്യം അഴിമതി രഹിത യുവ സമൂഹത്തെ രൂപപ്പെടുത്തുക എന്നതുകൂടിയാവണം. അതുകൊണ്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തങ്ങള്‍ തലവരിപ്പണമോ, നിയമനത്തിന് കോഴയോ വാങ്ങുന്നില്ലെന്ന് എഴുതി പ്രദര്‍ശിപ്പിക്കണം. ഇതിന്റെ മാത്യകയും ജേക്കബ് തോമസിന്റെ സര്‍ക്കുലറിനൊപ്പമുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ രേഖതയാറാക്കാനും ശക്തമായ നടപടികളെടുക്കാനും സഹ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചാണ് വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍ അവസാനിക്കുന്നത്. നിര്‍ദേശം സ്വാഗതം ചെയ്യുന്നതായി കോളജ് സ്വശ്രയ മാനേജ് മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
വിദ്യാഭ്യാസമെന്നത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കോഴ വാങ്ങുന്ന ഇത്തരം സ്ഥാപനങ്ങളുടെ അധികാരികളെ നിയമത്തിന്റെ വരുതിയില്‍ കൊണ്ടുവരാമെന്നുമാണ് വിജിലന്‍സ് വകുപ്പിന്റെ കണക്കുകൂട്ടല്‍.
