ആര്‍ടിഒയെ കൈക്കൂലിക്കേസില്‍ സഹായിച്ചെന്ന പരാതിയില്‍ എസ്പി ആര്‍ നിശാന്തിനിക്കെതിരെ ത്വരിത പരിശോധനക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മുവാറ്റുപുഴ സ്വദേശിയായ അജിത് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കൈക്കൂലി ചോദിച്ചുവെന്ന വിവരം എസ്പിയെ അറിയിച്ചിട്ടും ട്രാപ്പിലൂടെ ആര്‍ടിഒയെ പിടികൂടുന്നതിനുപകരം ഓഫീസില്‍ റെയ്ഡു നടത്തി ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരന്‍റെ ആരോപണം. ജൂലൈ 30നകം പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.