കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി വില്ലേജ് അസിസ്റ്റന്‍റ് പുതുപ്പാടി അടിവാരം പാട്ടശ്ശേരി പി ഡി ടോമിയാണ് വിജിലന്‍സിന്റെ പിടിയിലായത്. ഭൂമിയുടെ പോക്ക് വരവ് നടത്തിക്കൊടുക്കാനായി രണ്ടായിരം രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.

കോടഞ്ചേരി ശാന്തിനഗര്‍ കോക്കാട്ടില്‍ ജോണ്‍സന്റെ ഭൂമി പോക്കുവരവ് നടത്തിക്കൊടുക്കുന്നതിനാണഅ വില്ലേജ് അസിസ്റ്റന്റായ പി ഡി ടോമി രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വിവരം അറിയിച്ചിതനെ തുടര്‍ന്ന് ഫിനോഫ്തലിന്‍ പുരട്ടിയ രണ്ടായിരം രൂപ ജോൺസന് വിജിലൻസ് നൽകി. രാവിലെ പത്തുമണിയോടെ വില്ലേജ് ഓഫീസിലെത്തിയ ജോണ്‍സണ്‍ ഈ പണം ടോമിക്ക് കൈമാറി. പണം കയ്യില്‍ വാങ്ങാതെ സ്‌കൂട്ടറിന്റെ സീറ്റ് ഉയര്‍ത്തി അതില്‍ നിക്ഷേപിക്കാന്‍ ഈയാൾ നിർദേശിക്കുകയായിരുന്നു. പണം നൽകി മിനിറ്റുകള്‍ക്കം ജോണ്‍സന്റെ ഭൂമി പോക്കുവരവ് നടത്തികൊടുക്കുകയും ചെയ്തു.

പിന്നാലെ കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ടോമിയെ പിടികൂടി. ഇയാളുടെ അടിവാരത്തെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. നേരത്തെ മറ്റ് വില്ലേജ് ഓഫീസുകളില്‍ ജോലി ചെയ്തിരുന്നപ്പോഴും ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എല്ലാ സേവനങ്ങൾക്കും ടോമി കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ടോമിയെ വിജിലന്‍സ് പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി വില്ലേജോഫീസിലെത്തിയത്. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോക്ടർ കെപി അബ്ദുൾ റഷീദിനെ കോടതി റിമാൻഡ് ചെയ്തു.