കോഴിക്കോട്: ആത്മഹത്യ ചെയ്ത കർഷകന്റെ ഭൂനികുതി സ്വീകരിച്ചു . ചെമ്പനോട വില്ലേജ് ഓഫീസിലെത്തി സഹോദരന് ജോസാണ് കരമടച്ചത്. വസ്തുവിന്റെ രേഖകൾ തിരുത്തിയെന്ന് മരിച്ച ജോയിയുടെ ബന്ധുക്കൾ ആരോപിച്ച് ബഹളം വെച്ചതോടെ വില്ലേജ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. സ്ഥലത്തിന്റെ കരമടക്കാന്‍ എത്തിയപ്പോഴാണ് രേഖകള്‍ തിരുത്തിയതായി മനസിലായത്. കരം ഉദ്യോഗസ്ഥര്‍ സ്വീകരിച്ചെങ്കിലും രേഖകളുടെ പകര്‍പ്പ് കിട്ടാതെ വില്ലേജ് ഓഫീസില്‍ നിന്ന് പോകില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തു.തിരുത്തിയ രേഖകളുടെ പകർപ്പ് വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു . വിശദീകരണം കിട്ടാതെ പോകില്ലെന്ന് കരമടച്ചതിനുശേഷം സഹോദരൻ പറഞ്ഞു.
കരമടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസിൽ ചെമ്പനോട സ്വദേശി കാവിൽ പുരയിടത്തിൽ ജോയി എന്ന തോമസ് (56) വില്ലേജ് ഓഫീസിലെ ഗ്രില്ലില്‍ തൂങ്ങി മരിച്ചിരുന്നു. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ ഒരു വർഷം മുമ്പ് ജോയിയും ഭാര്യയും ചെമ്പനോട വില്ലേജ് ഓഫീസിനു മുമ്പിൽ നിരാഹാര സമരം നടത്തിയിരുന്നു.
ജനപ്രതിനിധികൾ ഇടപെട്ടതിനെത്തുടർന്നു താത്കാലികമായി നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയാറായി. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജോയിയും കുടുംബവും പിന്നീട് വില്ലേജ് ഓഫീസ് കയറിയിറങ്ങിയെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു.
