മലയാളികള്‍ ഇതുവരെ കേട്ടിട്ടില്ല പ്രണയജീവിതമാണ് എറണാകുളം പരവൂര്‍ പുത്തന്‍ വേലിക്കരയിലെ വിനുവിന്‍റെയും ലിനീഷയുടെയും

എറണാകുളം: മലയാളികള്‍ ഇതുവരെ കേട്ടിട്ടില്ല പ്രണയജീവിതമാണ് എറണാകുളം പരവൂര്‍ പുത്തന്‍ വേലിക്കരയിലെ വിനുവിന്‍റെയും ലിനീഷയുടെയും. പതിനൊന്ന് കൊല്ലം മുന്‍പ് തുടങ്ങിയ പ്രണയത്തിനിടയിലെ ദുരന്തങ്ങളും ദുരിതങ്ങളും താണ്ടി പ്രണയസാഫല്യത്തിനായുള്ള കാത്തിരിപ്പിലാണ് വിനു. പക്ഷെ കഴിഞ്ഞ രണ്ട് കൊല്ലമായി ലോകത്ത് നടക്കുന്നതൊന്നും അറിയാതെ ലിനീഷ കോമ സ്റ്റേജിലാണ്.

വിനുവിന് 25 വയസുള്ളപ്പോഴാണ് പതിനാറുകാരിയായ ലിനീഷയുമായി പ്രണയത്തിലാകുന്നത്. ലിനീഷയുടെ വീട്ടുകാര്‍ ഈ പ്രണയത്തിന് എതിരായിരുന്നു. പക്ഷെ പ്രണയത്തിന്‍റെ ആഴത്തിലും പരപ്പിലും ഇരുവര്‍ക്കും അത് വിഷയമായതേ ഇല്ല. 2015 ല്‍ ലിനീഷയുടെ വീട്ടില്‍ പെണ്ണുചോദിച്ച് വിനു എത്തി. എന്നാല്‍ വിവാഹത്തിന് ഇല്ലെന്നായിരുന്നു ലിനീഷയുടെ വീട്ടുകാരുടെ മറുപടി. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ലിനീഷയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും നടന്നു.

പിന്നീടാണ് ലിനീഷയും അച്ഛനും അമ്മയും ഒരു വേളാങ്കണ്ണി യാത്ര നടത്തുന്നത്. ദിണ്ടിക്കല്ലിന് അടുത്തുവച്ച് ഒരു വാഹനാപകടം സംഭവിച്ചു. ലിനീഷ അബോധാവസ്ഥയില്‍ ആയി. അച്ഛനും അമ്മയ്ക്കും പരിക്കുപറ്റി. എന്നാല്‍ പതിനൊന്ന് വര്‍ഷം പ്രണയിച്ചവളെ വെറുതെയിട്ട് പോകുവാന്‍ വിനു ഒരുക്കമല്ലായിരുന്നു. ഇന്നും ലിനീഷയ്ക്കും വീട്ടുകാര്‍ക്കും തുണയായി വിനുവുണ്ട്.

രണ്ടരവര്‍ഷം കഴിയുന്നു ലിനീഷ ലോകത്തെ അറിഞ്ഞിട്ട്. ലിനീഷയുടെ ഉയിര്‍പ്പിനായി വിനു കാത്തിരിക്കുന്നു. കല്‍പ്പണിക്കാരനായ വിനു തന്‍റെ വരുമാനത്തിന്‍റെ വലിയൊരു ഭാഗവും ലിനീഷയ്ക്ക് വേണ്ടിയാണ് ചിലവാക്കുന്നത്. രാവിലെ പണിക്ക് പോകും മുന്‍പ് ഒരു മണിക്കൂര്‍ എങ്കിലും ലിനീഷയ്ക്കൊപ്പം വിനു സയമം ചിലവഴിക്കും. വൈകുന്നേരവും അങ്ങനെ തന്നെ. 

ചക്കരയെന്ന് വിനു അരുമയോടെ വിളിക്കുന്ന ലിനീഷ ഒരു ദിവസം ജീവിതത്തിലേക്ക് മടങ്ങിവരും എന്നു തന്നെയാണ് വിനു കരുതുന്നത്. അവളുടെ കഴുത്തില്‍ താലിചാര്‍ത്തണം, പിന്നെ മുടങ്ങിപ്പോയ വേളാങ്കണ്ണി യാത്ര പൂര്‍ത്തീകരിക്കണം, വിനുവിന്‍റെ സ്വപ്നങ്ങള്‍ ഏറെയാണ്. മറ്റൊരു വിവാഹത്തിന് വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടെങ്കിലും വിനു ലിനീഷയുമായുള്ള ജീവിതം എന്ന സ്വപ്നത്തിനൊപ്പമാണ്.