തീരദേശപരിപാലന നിയമമനുസരിച്ച് കടലിനോട് ചേര്‍ന്ന് നിര്‍മ്മാണം അനുവദിക്കില്ലെന്നാണ് ചട്ടം. കടലില്‍ നിന്ന് ചുരുങ്ങിയത് 100 മീറ്ററെങ്കിലും അകലം പാലിച്ചാലേ കെട്ടിടം നിയമവിധേയമാകൂ. പക്ഷേ ഈ നിയമം ബാധകമാകുന്നത് സംസ്ഥാനത്തെ തീരദേശങ്ങളില്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 

കടലില്‍ നിന്ന് നൂറും നൂറ്റമ്പത് മീറ്റര്‍ അകലത്തില്‍ വീട് വെച്ച് നന്പര്‍ കിട്ടാന്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന മല്‍സ്യത്തൊഴിലാളികളുടെ ദുരിതം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പക്ഷേ വന്‍കിട റിസോര്‍ട്ടുകാര്‍ക്കും ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കും ഈ നിയമമൊന്നും ബാധകമേയല്ല എന്നതിന്‍റെ സംസാരിക്കുന്ന തെളിവുകള്‍. ചെറായി, മുനമ്പം, തുടങ്ങിയ തീരദേശങ്ങളില്‍ നിന്നുള്ള ആകാശക്കാഴ്ചകള്‍. 

മിക്ക റിസോര്‍ട്ടുകളും തീരദേശ റോ‍ഡിന്‍റെ പടിഞ്ഞാറ് ഭാഗത്ത് കെട്ടിപ്പൊക്കിയിരിക്കുന്നു. ചിലത് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കൂറ്റന്‍ റിസോര്‍ട്ടുകളുടെ നിര്‍മ്മാണവും നടക്കുന്നു. റിസോര്‍ട്ടുകളുടെ ചുവരുകള്‍ കടല്‍ഭിത്തിയോട് ചേര്‍ന്ന്.

റിസോര്‍ട്ടുകള്‍ക്കും ഫ്ലാറ്റ്നിര്‍മ്മാതാക്കള്‍ക്കും കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതിക്കോ കെട്ടിട നന്പര്‍ കിട്ടാനോ ഒരു തടസ്സവുമില്ല. പക്ഷേ ഇതിനോട് ചേര്‍ന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ ചെറിയ വീടുകള്‍ക്ക് വര്‍ഷങ്ങളായിട്ടും വീട്ടുനമ്പര്‍ കിട്ടുന്നുമില്ല.

വന്‍കിട റിസോര്‍ട്ടുകാര്‍ക്കും ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കും ഇവിടെ എന്തുമാകാം. തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിര്‍മ്മാണം ഇവിടെ പൊടിപൊടിക്കുകയാണ്.