മനുഷ്യരുടെ ഈ സ്നേഹത്തിന് ഭാഷ ഒരു തടസ്സമേ ആയിരുന്നില്ല. എല്ലാവർക്കും നന്ദിയെന്ന് യുവാവ്
ബെംഗളൂരു: അപകടത്തിൽപ്പെട്ടപ്പോള്‍ സഹായവുമായെത്തിയ അപരിചിതർക്ക് നന്ദി പറഞ്ഞ് ബൈക്ക് യാത്രികൻ. 'മനോഹരമായ ആളുകൾ, മനോഹരമായ നഗരം' എന്ന തലക്കെട്ടിൽ ആദിത്യ എന്നയാളാണ് ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ചത്. ബെംഗളൂരുവിലാണ് സംഭവം നടന്നത്.
ബൈക്ക് കരിങ്കല്ലിൽ തട്ടി തെന്നിയതോടെ ആദിത്യയും പിന്‍സീറ്റിൽ ഉണ്ടായിരുന്നയാളും നിലത്ത് വീണു. വലതു കൈയ്ക്ക് സാരമായി പരിക്കേറ്റു. ഉടനെ സഹായിക്കാൻ ഓടിയെത്തിയവരെ കുറിച്ചാണ് യുവാവിന്‍റെ കുറിപ്പ്. ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ഉടനെ ഓടിവന്നു. സ്വന്തം ഓട്ടം നിർത്തിവെച്ച് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി വൈദ്യസഹായം ലഭ്യമാക്കിയെന്ന് ആദിത്യ പറയുന്നു. വീണുകിടന്നപ്പോള്‍ വെള്ളം നൽകിയ സ്വിഗ്ഗി ഡെലിവറി ഏജന്‍റിനെയും വീണു കിടന്ന ബൈക്ക് നേരെയെടുത്ത് വെച്ച് അത് സുരക്ഷിതമാക്കിയ യുവാവിനെയും ആദിത്യ നന്ദിയോടെ ഓർത്തു. ആ സമയത്തുടനീളം ആശ്വസിപ്പിച്ച് കൂടെ നിന്ന പ്രായമായ മനുഷ്യനെ കുറിച്ചും യുവാവ് കുറിച്ചു.
തനിക്ക് കന്നട അറിയില്ലെന്ന് ആദിത്യ പറഞ്ഞു. മനുഷ്യരുടെ ഈ സ്നേഹത്തിന് ഭാഷ ഒരു തടസ്സമേ ആയിരുന്നില്ല, എല്ലാവർക്കും ഒരിക്കൽ കൂടി നന്ദിയെന്ന് അദ്ദേഹം റെഡ്ഡിറ്റിൽ കുറിച്ചു. പിന്നാലെ നിരവധി പേർ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചു. ബംഗളൂരുവിൽ ബൈക്ക് ഓടിക്കാൻ പഠിച്ച ഒരാളാണ് താൻ. ഒരുപാട് തവണ വീണിട്ടുണ്ട്. ഒരിക്കൽ പോലും ആളുകൾ സഹായിക്കാതിരുന്നിട്ടില്ല. ഭാരമുള്ള ലഗേജുമായി നടക്കുമ്പോള്‍ പോലും ആളുകള്‍ വന്ന് സഹായിക്കാറുണ്ട്. ആദ്യത്തെ തവണ ഒരാള്‍ വന്ന് ലഗേജ് പിടിച്ചപ്പോള്‍ അതുംകൊണ്ട് അയാള്‍ ഓടിപ്പോവുമെന്ന് കരുതിയെന്നും ഒരാള്‍ കുറിച്ചു.
മറ്റൊരാള്‍ കുറിച്ചത് കാർ തന്‍റെ സ്കൂട്ടറിൽ ഇടിച്ച് വീണ സംഭവമാണ്. പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ നിരവധി പേർ വന്നു. അവർ തനിക്ക് വേണ്ടി കാർ ഡ്രൈവറോട് ആക്രോശിച്ചു. എന്തുചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചുപോയ നിമിഷത്തിൽ സഹായിക്കാൻ വന്നവരോട് നന്ദിയെന്നാണ് റെഡ്ഡിറ്റ് ഉപയോക്താവിന്‍റെ പ്രതികരണം.
