ഡൽഹി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചു. ഒന്നര മണിക്കൂറോളം അകാരണമായി തടഞ്ഞുവെച്ചെന്നും ലഗേജ് മോശമായി കൈകാര്യം ചെയ്തുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ദില്ലി: ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടെന്ന് ആരോപിച്ച് ഡൽഹി ആസ്ഥാനമായുള്ള വ്ലോഗറും സംരംഭകനുമായ സഞ്ജയ് കുമാർ ശർമ്മ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ. വീഡിയോ യാത്രക്കാരോടുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴി തുറന്നു. താൻ ഒരു സംരംഭകനും കണ്ടൻ്റ് ക്രിയേറ്ററുമാണെന്ന് പരിചയപ്പെടുത്തിയ സഞ്ജയ് കുമാർ ശർമ്മ, ഇന്ത്യയിലെത്തിയ ശേഷം ഡൽഹി എയർപോർട്ടിലെ കസ്റ്റംസ് വിഭാഗത്തിൽ തനിക്ക് നേരിട്ട ദുരനുഭവമാണ് വീഡിയോയിൽ വിവരിക്കുന്നത്. 'ഞാനൊരു അനുഭവം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. നിയമപരമായിട്ടുള്ള എൻ്റെ സാധനങ്ങൾ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ഇന്ത്യയിലെത്തിയ ശേഷം, കസ്റ്റംസ് ഒന്നര മണിക്കൂറോളം കാത്തുനിർത്തി. അതിലും എനിക്ക് പ്രശ്‌നമുണ്ടായിരുന്നില്ല, പക്ഷേ അവർ എൻ്റെ ലഗേജ് വളരെ മോശമായാണ് കൈകാര്യം ചെയ്തത്.
ഇതെല്ലാം ചില സാമ്പിൾ ഉൽപ്പന്നങ്ങൾ ആണെന്നും തന്റെ പക്കൽ ബിൽ ഇല്ലെന്നും, എന്നാൽ തനിക്ക് വിതരണക്കാരനുമായി ബന്ധപ്പെട്ട് അത് കാണിക്കാൻ കഴിയുമെന്നും മറുപടി നൽകി. കൂടാതെ, കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്ത്യൻ പതാക പോലും തെറ്റായ രീതിയിലായിരുന്നു വെച്ചിരുന്നത്. അത് ശരിയാക്കാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ, നിങ്ങൾക്ക് വേണമെങ്കിൽ പരാതിപ്പെടാമെന്നായിരുന്നു അവർ പറഞ്ഞതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് ഇന്ത്യക്കാർ രാജ്യം വിടുന്നത്. ഈ രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്ന ഞങ്ങളെപ്പോലുള്ളവരോട് ഇങ്ങനെയാണ് പെരുമാറുന്നത്, എന്നും അദ്ദേഹം പറയുന്നു.
ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ചത്. 'വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ വളരെ പരുഷമായി പെരുമാറുന്നവരാണ്. അവർക്ക് 'സോഫ്റ്റ് സ്കിൽസ്' കുറവാണ്, എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ദീപാവലി ആഘോഷിക്കാൻ ദുബായിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ തനിക്കും സമാനമായ അനുഭവമുണ്ടായെന്ന് മറ്റൊരാളും കുറിച്ചു. കസ്റ്റംസ് നിയമപ്രകാരം നിശ്ചിത മൂല്യമുള്ള വാണിജ്യ സാമ്പിളുകൾക്ക് തീരുവയിൽ ഇളവുണ്ടെന്നും, എന്നാൽ യാത്രക്കാർ അത് 'വിൽപനക്കല്ല' എന്ന് വ്യക്തമാക്കുന്ന ഇൻവോയ്സോ പാക്കിംഗ് ലിസ്റ്റോ കൈവശം വെക്കണമെന്നും ചൂണ്ടിക്കാട്ടി. വിമാനത്താവള ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ചും യാത്രക്കാരോടുള്ള സമീപനത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഈ വീഡിയോ വീണ്ടും ആക്കം കൂട്ടി. അതേസമയം സംഭവത്തിൽ കസ്റ്റംസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


