എന്തുകൊണ്ടാണ് പല ഇന്ത്യക്കാർക്കും ഇത്ര നല്ല പല്ലുകൾ ഉള്ളത്? ജർമൻ യുവാവ് പോസ്റ്റിൽ ചോദിച്ചു. തന്റെ ഇന്ത്യൻ സഹപ്രവർത്തകരിൽ പലർക്കും വെളുത്തതും നന്നായി പരിപാലിക്കുന്നതുമായ പല്ലുകൾ ഉണ്ടെന്നും വായ്നാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരുടെ ദന്ത പരിപാലനത്തെ പുകഴ്ത്തി ജർമൻ യുവാവ്. ജർമ്മനിയിൽ നിന്നുള്ള ജീവനക്കാരൻ തന്റെ ഇന്ത്യൻ സഹപ്രവർത്തകരുടെ ദന്ത ശുചിത്വത്തെക്കുറിച്ച് റെഡിറ്റിലാണ് കുറിപ്പെഴുതിയത്. ഇതോടെ ഇതുസംബന്ധിച്ച ചർച്ചകൾ സജീവമായി. എന്തുകൊണ്ടാണ് പല ഇന്ത്യക്കാർക്കും ഇത്ര നല്ല പല്ലുകൾ ഉള്ളത്? ജർമൻ യുവാവ് പോസ്റ്റിൽ ചോദിച്ചു. തന്റെ ഇന്ത്യൻ സഹപ്രവർത്തകരിൽ പലർക്കും വെളുത്തതും നന്നായി പരിപാലിക്കുന്നതുമായ പല്ലുകൾ ഉണ്ടെന്നും വായ്നാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകാലമായി ഇതിനെക്കുറിച്ച് താൻ ചിന്തിച്ചിരുന്നു. ഭക്ഷണക്രമം, വ്യത്യസ്ത ദന്ത പരിചരണ ശീലങ്ങൾ, പരമ്പരാഗത പരിഹാരങ്ങൾ, സാംസ്കാരിക രീതികൾ എന്നിവ കാരണമാണോ പല്ല് ഇത്രയും വൃത്തിയായിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യക്കാരുടെ ദന്തശുചിത്വത്തിന് പിന്നിലെന്താണെന്ന് മനസ്സിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഇവിടെയുള്ള ആർക്കെങ്കിലും മറുപടി നൽകാൻ സാധിച്ചേക്കുമെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധി രസകരമായ അഭിപ്രായങ്ങൾ അതിൽ ഉണ്ടായിരുന്നു. ദിവസത്തിൽ രണ്ടുതവണ പല്ല് തേക്കുക, നാവ് വൃത്തിയാക്കുക, പല്ല് തേയ്ക്കാതെ ഒന്നും കഴിക്കരുത് എന്ന് തുടങ്ങിയ കമന്റുകളാണ് വന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ആളുകളും അമേരിക്കക്കാരും രാവിലെ പല്ല് തേക്കുന്നതിന് മുമ്പ് പ്രഭാതഭക്ഷണം കഴിക്കുന്നത് ഞെട്ടലുണ്ടാക്കിയ കാര്യമാണെന്ന് മറ്റൊരാൾ എഴുതി. പാശ്ചാത്യലോകത്ത് അത്ര വലിയ കാര്യമൊന്നുമല്ലാത്ത കാര്യങ്ങളായ വായകഴുകൽ, നാവ് വൃത്തിയാക്കൽ തുടങ്ങിയ നിരവധി കാര്യങ്ങൾ ഇന്ത്യക്കാർ പിന്തുടരുന്നു. അതുപോലെ പാൽ കുടിക്കുന്നതും ചീസും മാംസവും കുറച്ച് കഴിക്കുന്നതും പല്ലുകളുടെ ശുചിത്വത്തിന് നന്നാണെന്ന് മറ്റൊരാൾ കുറിച്ചു. അതേസമയം, ഇന്ത്യക്കാരുടെ പുകയില ഉപയോഗത്തെക്കുറിച്ചും നിരവധി അഭിപ്രായമുയർന്നു. വായിൽ പുകയില ചവയ്ക്കുന്നത് കൊണ്ട് പലരുടെയും പല്ലുകൾക്ക് ചുവന്ന നിറമാണെന്നും മിക്കവാറും എല്ലാ പൊതു കെട്ടിടങ്ങളിലെയും ചുവന്ന വരകൾ ഇതിന് തെളിവാണെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.


