ഉത്തർപ്രദേശിൽ, തിരക്കേറിയ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കയറാൻ ബുദ്ധിമുട്ടിയ ഭിന്നശേഷിക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ തോളിലേറ്റി സഹായിച്ചു. അശ്വനി കുമാർ എന്ന ഉദ്യോഗസ്ഥൻ ഈ ദൃശ്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി
ദില്ലി: ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം, തിരക്കേറിയ പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ കയറാൻ പാടുപെട്ട ഭിന്നശേഷിക്കാരന്റെ സഹായത്തിനെത്തി പൊലീസുകാരൻ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഉത്തർപ്രദേശിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഹൃദയസ്പർശിയായ വീഡിയോ ആണ് ഇൻ്റർനെറ്റിൽ തരംഗമാകുന്നത്. പോലീസ് ഉദ്യോഗസ്ഥൻ്റെ ഈ മനുഷ്യത്വപരമായ പ്രവൃത്തിയെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.
റെയിൽവേ സ്റ്റേഷനിലെ പടികൾ കയറാൻ ഭിന്നശേഷിക്കാരൻ വിഷമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഓഫീസർ അശ്വനി കുമാർ സഹായത്തിനായി അടുത്ത് ചെല്ലുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ആൾക്കൂട്ടത്തിനിടയിലും, കുമാർ അദ്ദേഹത്തെ തോളിൽ എടുക്കുകയും തിരക്കിനിടയിലൂടെ നടന്ന് നിറഞ്ഞ ട്രെയിൻ കോച്ചിൽ കയറാൻ സഹായിക്കുകയും ചെയ്തു.
ഈ വീഡിയോ കുമാർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. അതിന് താഴെ വന്ന സന്ദേശം കൂടുതൽ ശ്രദ്ധ നേടി. "സഹായിക്കാൻ രൂപയല്ല, സഹായിക്കാനുള്ള മനസ്സാണ് വേണ്ടത്. അത് നിങ്ങളിൽ ഉണ്ട്." മനുഷ്യത്വത്തേക്കാൾ വലുതായി ഒന്നുമില്ലെന്നടക്കം ലീസ് ഉദ്യോഗസ്ഥൻ്റെ നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് ആയിരക്കണക്കിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമൻ്റുകളുമായി എത്തി.
