ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ സമൂസ വാങ്ങിയ യാത്രക്കാരന് യുപിഐ വഴി പണം നൽകാൻ കഴിയാതെ വന്നപ്പോൾ, കച്ചവടക്കാരൻ യാത്രക്കാരൻ്റെ വാച്ച് ബലമായി ഊരിവാങ്ങി. സംഭവം വിവാദമായതോടെ റെയിൽവേ അധികൃതർ ഇടപെട്ട് കച്ചവടക്കാരനെതിരെ നടപടി സ്വീകരിച്ചു.
ജബൽപൂർ: ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ സമൂസ വാങ്ങിയ യാത്രക്കാരന് യുപിഐ വഴി പണം നൽകാൻ കഴിയാതെ വന്നപ്പോൾ, കച്ചവടക്കാരൻ യാത്രക്കാരൻ്റെ കൈയ്യിലെ വാച്ച് ഊരിവാങ്ങി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. സമൂസ വാങ്ങിയ ശേഷം ഫോൺ പേ വഴി പണം നൽകാൻ ശ്രമിച്ചെങ്കിലും യുപിഐ. ഇടപാട് പരാജയപ്പെട്ടു എന്ന് യാത്രക്കാരൻ പറയുന്നു. ഇതിനിടെ ട്രെയിൻ എടുക്കാൻ തുടങ്ങിയതോടെ ഇയാൾ സമോസ തിരികെ നൽകാൻ ശ്രമിച്ചു.
എന്നാൽ, കച്ചവടക്കാരൻ യാത്രക്കാരനെ ട്രെയിനിൽ കയറാൻ അനുവദിക്കാതെ കോളറിൽ കുത്തിപ്പിടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. പണം നൽകാതെ പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ്, 'സമയം കളയരുത്, വെറുതെ ഒഴിവുകഴിവുകൾ പറയുകയുമാണ്' എന്ന് ആരോപിച്ച് കച്ചവടക്കാരൻ ബഹളം വയ്ക്കുകയായിരുന്നു. ട്രെയിനിൽ കയറാൻ മറ്റ് വഴികളില്ലാതെ വന്നതോടെ, യാത്രക്കാരൻ തൻ്റെ കൈയ്യിലെ വാച്ച് ഊരി കച്ചവടക്കാരന് നൽകുകയായിരുന്നു.
വീഡിയോ 'ജബൽപൂർ റെയിൽവേ സ്റ്റേഷനിലെ ലജ്ജാകരമായ സംഭവം' എന്ന തലക്കെട്ടിൽ എക്‌സിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഒക്ടോബർ 17നാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ റെയിൽവേ അധികൃതർ ഉടൻതന്നെ വിഷയത്തിൽ ഇടപെട്ടു. ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം.) ജബൽപൂർ, എക്‌സ് പോസ്റ്റിന് താഴെ പ്രതികരിക്കുകയും ചെയ്തു.
കച്ചവടക്കാരനെ തിരിച്ചറിഞ്ഞതായും ആർപിഎഫ് ഇയാൾക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തതായും ഡി.ആർ.എം. അറിയിച്ചു. കൂടാതെ, ഇയാളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.


