സീറ്റിന് വേണ്ടിയോ സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ ആയിരുന്നില്ല എൽഡിഎഫുമായുണ്ടായിരുന്ന ബന്ധമെന്നും വീരേന്ദ്രകുമാർ മുന്നണി പ്രവേശനത്തോട് പ്രതികരിച്ചു. 

കോഴിക്കോട്: ആശയപരമായി യോജിച്ച് പോകാന്‍ പറ്റിയ മുന്നണിയിലേക്ക് തിരിച്ച് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ലോക് താന്ത്രിക ജനതാദള്‍ അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍. സീറ്റിന് വേണ്ടിയോ സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ ആയിരുന്നില്ല എൽഡിഎഫുമായുണ്ടായിരുന്ന ബന്ധമെന്നും വീരേന്ദ്രകുമാർ മുന്നണി പ്രവേശനത്തോട് പ്രതികരിച്ചു. 

തറവാട്ടിലേക്കുള്ള മടക്കമെന്നാണ് എം വി ശ്രേയാംസ് കുമാർ പ്രതികരിച്ചത്. ജെഡിഎസുമായുള്ള ലയനം ഇപ്പോൾ ആലോചനയിലില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ദേശീയ തലത്തിൽ നീക്കുപോക്കുണ്ടായാൽ അതിനനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കും. ഉപാധികളുടെ പേരിലല്ല ഇടത് മുന്നണിയിൽ ചേരുന്നത്. സീറ്റ് ചർച്ച തുടങ്ങിയിട്ടില്ലെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. 

ലോക് താന്ത്രിക ജനതാദളിന് പുറമെ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയെയും ഐഎന്‍എല്ലിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസിനെയും ഇടതുമുന്നണിയില്‍ ചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരിക്കുകായണ്. സികെ ജാനുവുമായി സഹകരിക്കാനും യോഗം തീരുമാനിച്ചു. മുന്നണി വിപുലീകരണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയത്തിന് കളമൊരുക്കുമെന്ന് കണ്‍വീനർ എ വിജയരാഘവന്‍ പറഞ്ഞു.