വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി കടന്നുകളഞ്ഞ പ്രതിയെ പയ്യാവൂര്‍ പൊലീസ് പിടികൂടി. കണ്ണൂരില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ ഇയാളെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടുന്നത്.

പയ്യാവൂര്‍ ചതിരംപുഴ സ്വദേശി ഷിജുമോനെയാണ് പയ്യാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിസയും ജോലിയും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പത്ത് ലക്ഷത്തിലധികം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് കേസ്..രണ്ടാഴ്ച മുമ്പാണ് പയ്യാവൂര്‍ സ്റ്റേഷനില്‍ ഷിജുമോനെതിരെ ആദ്യം പരാതി കിട്ടുന്നത്. പിന്നീട് നിരവധി പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. തട്ടിപ്പിനു ശേഷം ജില്ല വിട്ട ഇയാള്‍ക്കായി പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയായിരുന്നു. ഇയാള്‍ വീണ്ടും പയ്യാവൂരിലെത്തിയെന്ന് രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഷാഡോ പൊലീസ് സംഘത്തിന്‍റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിലാണ് കണ്ടകശ്ശേരിയില്‍ വച്ച് പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ പയ്യാവൂരിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.