ഏഷ്യാനെറ്റ് വാര്‍ത്ത ഫലം കണ്ടു വിശാഖിന് പുതിയ ജോലി ലഭിച്ചു യുവഗായകന് തുണയായി തിരുവനന്തപുരം സ്വദേശിനി  

റിയാദ്: ദുബായില്‍ കെട്ടിടത്തിനു മുകളില്‍ കഴിയുകയായിരുന്ന യുവഗായകന്‍റെ ദുരിതജീവിതത്തിന് അവസാനം. കൊച്ചി സ്വദേശിയായ വിശാഖിന് പൊരിവെയിലത്ത് കഴിയേണ്ട. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ വിശാഖിന് അബുദാബിയില്‍ പുതിയ ജോലിയായി. ജോലിചെയ്യുകയായിരുന്ന സ്ഥാപനം അടച്ചുപൂട്ടിയതോടെ പെരുവഴിയിലായ വിശാഖിന്‍റെ ദുരിത ജീവിതം കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. 

രാജ്യം 45 ഡിഗ്രി ചൂടില്‍ പൊള്ളുമ്പോള്‍ കരാമയില്‍ കെട്ടിടത്തിനു മുകളില്‍ കഴിഞ്ഞ കൊച്ചിക്കാരന്‍റെ താമസവും ഭക്ഷണവും വാര്‍ത്തയ്ക്കു പിന്നാലെ പ്രവാസി സമൂഹം ഏറ്റെടുത്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട തിരുവനന്തപുരത്തുകാരി റോഷ്നി റോബിന്‍സണ്‍ അബുദാബിയില്‍ തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ വിശാഖിന് പുതിയ ജോലിയും നല്‍കി.

2007ല്‍ എറണാകുളം മഹാരാജാസില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടിയ വിശാഖ്, ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേ നേടിയിരുന്നു. ഗാനമേളയുടെ ഭാഗമായി കേരളത്തിന്‍റെ വിവിധ മേഖലകളില്‍ പര്യടനം നടത്തിയെങ്കിലും സ്ഥിരവരുമാനം തേടിയാണ് മൂന്ന് വര്‍ഷം മുമ്പ് ഗള്‍ഫിലെത്തിയത്. എന്നാല്‍ നഷ്ടത്തിലായതോടെ ജോലിചെയ്ത ഹോട്ടല്‍ പൂട്ടി. വിശാഖ് പെരുവഴിയിലുമായി. ടെറസിന് മുകളിലാണ് താമസമെന്നും 'ദുബൈ ഫ്രീ ഫുഡ്' പദ്ധതി ഉള്ളതുകൊണ്ട് മാത്രമാണ് വിശാഖ് പട്ടിണിയാകാതിരുന്നത്.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ വിശാഖിന് ഗള്‍ഫില്‍ പാടാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ പ്രതിനിധികള്‍ പറഞ്ഞു. പ്രയാസങ്ങളില്‍ നിന്ന് കരകയറുമ്പോഴും കയ്പറിയ അനുഭവത്തിന്‍റെ ഭീതി ആ മുഖത്തു നിന്നും മാഞ്ഞിട്ടില്ല. സന്തോഷ വാക്കുകള്‍ ഒറ്റവരിയിലൊതുക്കി പാട്ടും പാടി സന്തോഷം പങ്കുവയ്ക്കുന്നു വിശാഖ്. പുതിയ ജോലിക്കും ജീവിതത്തിനും തുടക്കമിടാന്‍ വിശാഖ് ദുബായില്‍ നിന്ന് അബുദാബിയിലേക്ക് പോയി.