പെൻസിലാശാൻ എന്ന ഫേസ്ബുക്ക് പേജിലെ കാർട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെ സൈബർ ലോകത്ത് അറിയപ്പെടുന്ന കലാകാരനാണ് വിഷ്ണു മാധവ്. കഴിഞ്ഞ ഇരുപത് ദിവസത്തിലേറെയായി വിഷ്ണുവിന് വിശ്രമം ഉണ്ടായിരുന്നില്ല. കിട്ടുന്ന സമയമെല്ലാം അയാള്‍ നവകേരള നിർമ്മാണത്തിനായി കാരിക്കേച്ചറുകൾ വരയ്ക്കുകയായിരുന്നു.

ബെംഗളൂരു: പെൻസിലാശാൻ എന്ന ഫേസ്ബുക്ക് പേജിലെ കാർട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെ സൈബർ ലോകത്ത് അറിയപ്പെടുന്ന കലാകാരനാണ് വിഷ്ണു മാധവ്. കഴിഞ്ഞ ഇരുപത് ദിവസത്തിലേറെയായി വിഷ്ണുവിന് വിശ്രമം ഉണ്ടായിരുന്നില്ല. കിട്ടുന്ന സമയമെല്ലാം അയാള്‍ നവകേരള നിർമ്മാണത്തിനായി കാരിക്കേച്ചറുകൾ വരയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,500 രൂപയിൽ കുറയാത്ത തുക സംഭാവന കൊടുക്കുന്നവർക്ക് സൗജന്യമായി കാരിക്കേച്ചറുകൾ വരച്ചുനൽകുമെന്ന് ഈ കലാകാരൻ വാഗ്ദാനം നൽകിയിരുന്നു. പ്രളയം കേരളത്തെ വിഴുങ്ങിക്കൊണ്ടിരുന്ന ആഗസ്റ്റ് മൂന്നാം വാരം മുതലായിരുന്നു വിഷ്ണു ദുരിതാശ്വാസത്തിനായി കമ്പ്യൂട്ടറിന് മുന്പിലിരുന്നത് 26 ദിവസം കൊണ്ട് വിഷ്ണു വരച്ചുകൂട്ടിയത് 70 ഡിജിറ്റൽ പെയിന്‍റിംഗ് കാരിക്കേച്ചറുകൾ.

സെപ്റ്റംബർ 11 ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്ക് ഈ ദൗത്യത്തിലെ അവസാനത്തെ കാരിക്കേച്ചറും വിഷ്ണു വരച്ചു തീർത്തു. ആയിരത്തിയഞ്ഞൂറിലും ഏറെ വലിയ തുകകൾ സംഭാവന ചെയ്തവർ കാരിക്കേച്ചറിനായി വിഷ്ണുവിനെ സമീപിച്ചിരുന്നു. എന്നാൽ ഒരു മുഖം വരയ്ക്കുന്നതിന് തന്‍റെ പ്രതിഫലമായി വിഷ്ണു കണക്കാക്കിയത് 1,500 രൂപയാണ്. വരച്ചതിന്‍റെ പ്രതിഫലം മാത്രം കണക്കാക്കിയാൽ ഒരുലക്ഷത്തിലേറെ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭരിച്ചു നൽകി. എന്നാൽ ഈ ദൗത്യത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യഥാർത്ഥത്തിൽ വന്നുചേർന്നത് രണ്ടര ലക്ഷത്തിലേറെ രൂപയാണ്.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ വിഷ്വൽ ഡിസൈനറായി ജോലി ചെയ്യുകയാണ് വിഷ്ണു മാധവ്. ഈ ഓണാവധിക്കാലം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആവുന്നത്ര പണം മുതൽക്കൂട്ടാൻ തന്‍റെ കല ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് വിഷ്ണു പറഞ്ഞു. പക്ഷേ ഓണാവധി കഴിഞ്ഞിട്ടും ഏറ്റെടുത്ത ദൗത്യം തീർന്നില്ല. പിന്നീട് കുറച്ചു ദിവസം അവധിയെടുത്തിരുന്ന് വരച്ചു. എന്നിട്ടും തീരാത്തത് ആഴ്ചാവധി ദിവസങ്ങളിൽ വരച്ചുതീർത്തു.

മുമ്പ് പണമയച്ചവർ രസീതും ബാങ്ക് ട്രാൻസഫർ റിപ്പോർട്ടിന്‍റെ സ്ക്രീൻ ഷോട്ടും അയച്ചുകൊടുത്തെങ്കിലും ആഗസ്റ്റ് 17ന് ശേഷം പണമയച്ചവർക്ക് മാത്രം കാരിക്കേച്ചറുകൾ വരച്ചുനൽകാം എന്നായിരുന്നു വിഷ്ണുവിന്‍റെ തീരുമാനം. കാരിക്കേച്ചറുകൾ വരച്ചുകിട്ടാൻ മാത്രം നിരവധി പേർ വീണ്ടും ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചു. വിവാഹസമ്മാനവും പ്രണയസമ്മാനവും ഒക്കെയായി കാരിക്കേച്ചറുകൾ വരച്ചുകിട്ടാനായും ചിലർ പണമടച്ചു.

ആരുടേയും ജോലിയും താൽപ്പര്യങ്ങളുമൊന്നും ചോദിച്ചിരുന്നില്ല. എന്നാലും കെമിസ്റ്റായും സയന്‍റിസ്റ്റായും ഫോട്ടോഗ്രാഫറായും കായിക താരമായും ഗായകരായും ഒക്കെയാണ് പലരേയും വരച്ചത്. അഫ്താബ് എന്നയാളെ കണ്ടപ്പോൾ പാട്ടുപാടുന്ന ആളെന്ന് തോന്നി, ഗായകനായി വരച്ചു. അഫ്താബ് യഥാർത്ഥത്തിൽ പാടുന്ന ആൾ തന്നെയാണെന്ന് പിന്നീട് അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെന്ന് വിഷ്ണു. എലിസബത്തിനും കുടുംബത്തിനും കാരിക്കേച്ചറിനൊപ്പം അവരുടെ നായയെക്കൂടി വരക്കണമായിരുന്നു. പക്ഷേ നായയുടെ ചിത്രത്തിന്‍റെ പ്രതിഫലം കൂട്ടിയിട്ടില്ല. ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചവരെല്ലാം സൂപ്പര്‍ ഹീറോമാരാണെന്ന് വിഷ്ണു പറയുന്നു. സൂപ്പര്‍മാന്‍റെ ചുവന്ന ഷാള്‍ എല്ലാ കാരിക്കേച്ചറുകളിലും ആദ്യം വരച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ തിരക്കേറിയപ്പോള്‍, എല്ലാവര്‍ക്കും ഇത് വരച്ച് ചേര്‍ക്കാനായില്ല എന്ന ചെറിയ വിഷമമവും വിഷ്ണുവിനുണ്ട്.

കാൻഡി ക്യാമറ പോലെയുള്ള ആപ്പുകളിൽ ഫോട്ടോ എടുത്ത് മുഖം വെളുപ്പിച്ചവരുടെ കാരിക്കേച്ചർ വരക്കാൻ ഇത്തിരി പ്രയാസമായെന്ന് വിഷ്ണു പറയുന്നു. യഥാർത്ഥ മുഖം കണ്ടെത്താൻ ഇത്തിരി പാടുപെട്ടു. നേരത്തേ തന്നെ കാരിക്കേച്ചർ വരച്ചുകൊടുക്കാൻ ആവശ്യപ്പെട്ട ചില സുഹൃത്തുക്കളും അവസരം മുതലാക്കി. ഇതിനിടെ അവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമിട്ടശേഷം ഇനി ഒഴിവ് പറയരുത് എന്നാവശ്യപ്പെട്ടു. ആരെയും വിഷ്ണു നിരാശരാക്കിയില്ല. രാവും പകലും വരച്ച് ആകെ തളർന്നുപോയെന്നും തൽക്കാലം ഈ ദൗത്യം നിർത്തുകയാണെന്നും വിഷ്ണു പറഞ്ഞുനിർത്തി. നിരവധി പരസ്യ ചിത്രങ്ങൾക്കായി സ്റ്റോറി ബോർഡുകളും സിനിമകളുടെ കാരക്ടർ സ്കെച്ചുകളും പുസ്തകങ്ങളുടെ കവറുകളും വിഷ്ണു ചെയ്തിട്ടുണ്ട്.