എന്‍റെ ഭര്‍ത്താവിനെ വെടിവെച്ചുകൊല്ലാന്‍ പൊലീസിന് അവകാശമില്ല- കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യുട്ടീവ് വിവേക് തിവാരിയുടെ ഭാര്യ കല്‍പ്പന പറഞ്ഞു.  'ഇത്ര വലിയ കുറ്റമാണോ എന്‍റെ ഭര്‍ത്താവ് ചെയ്തത്, അദ്ദേഹത്തെ വെടിവെച്ചുകൊല്ലാന്‍ ഏതു നിയമമാണ്  യുപി പൊലീസിന് അനുമതി നല്‍കിയത്' എന്നും വിവേക് തിവാരിയുടെ ഭാര്യ കല്‍പ്പന ചോദിക്കുന്നു. 

ലഖ്‌നൗ: എന്‍റെ ഭര്‍ത്താവിനെ വെടിവെച്ചുകൊല്ലാന്‍ പൊലീസിന് അവകാശമില്ല- കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യുട്ടീവ് വിവേക് തിവാരിയുടെ ഭാര്യ കല്‍പ്പന പറയുന്നു. 'ഇത്ര വലിയ കുറ്റമാണോ എന്‍റെ ഭര്‍ത്താവ് ചെയ്തത്, അദ്ദേഹത്തെ വെടിവെച്ചുകൊല്ലാന്‍ ഏതു നിയമമാണ് യുപി പൊലീസിന് അനുമതി നല്‍കിയത്' എന്നും വിവേക് തിവാരിയുടെ ഭാര്യ കല്‍പ്പന ചോദിക്കുന്നു. അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസ് വീട്ടില്‍ വന്ന് അറസ്റ്റു ചെയ്യുകയല്ലേ വേണ്ടതെന്നും അവര്‍ ചോദിച്ചു.

 ഏത് നിയമമാണ് എന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ യു.പി പൊലീസിന് അനുമതി നല്‍കുന്നത്? അദ്ദേഹത്തെ ഷൂട്ട് ചെയ്യുമ്പോള്‍ ഏന്തോ വലിയ തെറ്റ് ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തത് വലിയ വിശ്വാസത്തോടെയാണ്. യോഗി ആദിത്യനാഥ് ഞങ്ങളുടെ മുഖ്യമന്ത്രിയായപ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷിച്ചു. എന്നാല്‍ ഇതാണ് ഞങ്ങള്‍ക്ക് സംഭവിച്ചതെന്നും കല്‍പ്പന പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരണം നല്‍കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും കല്‍പ്പന ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Scroll to load tweet…

വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഒന്നരയ്ക്കാണ് ഉത്തര്‍പ്രദേശ് പോലീസ് ആപ്പിള്‍ കമ്പനി സെയില്‍ മാനേജര്‍ വിവേക് തിവാരിയെ(38) വെടിവെച്ചു കൊന്നത്. ഇയാള്‍ സഞ്ചരിച്ച കാര്‍ പോലീസ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചെന്നും ഇതേ തുടര്‍ന്ന ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചതാണെന്നും പോലീസ് പറയുന്നു. എന്നാല്‍ വിവേകിന്‍റെ ഒപ്പമുണ്ടായിരുന്നയാള്‍ പോലീസിന്‍റെ വാദം നിഷേധിച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

ഐഫോണ്‍ എക്സ് പ്ലസിന്‍റെ ലോഞ്ചിങ്ങിന് ശേഷം സുഹൃത്ത് സനാ ഖാനോടൊപ്പം വീട്ടിലേക്ക് പോകുകായായിരുന്നു വിവേക് തിവാരി. ഇടയ്ക്ക് വിവേക് സഞ്ചരിച്ച മഹീന്ദ്ര എക്‌സ്‌യുവി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അസ്വാഭാവികമായി ലൈറ്റുകള്‍ ഓഫ് ചെയ്ത ഒരു കാര്‍ കണ്ടാണ് തങ്ങള്‍ ചെല്ലുന്നത്. എന്നാല്‍ തങ്ങള്‍ അടുത്തെത്തിയപ്പോള്‍ കാറിന്റെ ലൈറ്റ് ഓണ്‍ചെയ്തു. തുടര്‍ന്ന് കാര്‍ കൊണ്ട് ബൈക്കില്‍ ഇടിച്ചു. ഇതാണ് വെടിവെക്കാനുണ്ടായ കാരണമെന്ന് കുറ്റാരോപിതരായ പോലീസുകാരന്‍ പ്രശാന്ത് കുമാര്‍ പറയുന്നു. സ്വയം രക്ഷക്കുവേണ്ടിയാണ് വെടിവെച്ചത്. നിര്‍ത്താന്‍ പറഞ്ഞിട്ടും കാര്‍ പിന്നോട്ടെടുത്ത് വീണ്ടു ഇടിക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. ഇയാള്‍ക്കും ഒപ്പമുണ്ടായിരുന്ന പോലീസുകാരന്‍ സന്ദീപ് കുമാറിനുമെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്.

എന്നാല്‍ ബൈക്ക് കാറിന് കുറുകെയിട്ട് തങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പോലീസുകാര്‍ ശ്രമിക്കുകയായിരുന്നെന്ന് വിവേകിന്‍റെ സുഹൃത്ത് പറഞ്ഞു. ആരാണ് തടഞ്ഞതെന്ന് മനസ്സിലാകാത്തതിനാല്‍ വിവേക് കാര്‍ നിര്‍ത്തിയില്ല. ഒരു പോലീസുകാരന്റെ കൈയില്‍ ലാത്തിയാണ് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് രണ്ടാമത്തേയാള്‍ പിസ്റ്റള്‍ എടുത്ത് വെടിവെക്കുകയായിരുന്നു.

പോലീസിനെ അപകടപ്പെടുത്തി കടന്നു കളയാന്‍ ശ്രമിച്ച ക്രിമിനലുകളാണ് കാറിലുള്ളത് എന്നു കരുതിയാണ് പ്രശാന്ത് വെടിവെച്ചതെന്ന് പോലീസ് സീനിയര്‍ സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. കാറിന്റെ മുന്‍ഗ്ലാസിലൂടെയായിരുന്നു പ്രശാന്ത് വിവേകിനെ വെടിവെച്ചത്. അദ്ദേഹത്തിന്റെ കഴുത്തിലാണ് വെടിയേറ്റത്. തുടര്‍ന്ന് വിവേക് ഓടിച്ച മഹീന്ദ്ര എക്‌സ്യുവി കാര്‍ തൊട്ടടുത്ത പാലത്തിന്റെ തൂണില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പ്രശാന്ത് ചെയ്തത് സ്വയം രക്ഷയുടെ പരിധിയില്‍ വരുന്നില്ലെന്ന് ഡിജിപി ഒ.പി സിങ് വ്യക്തമാക്കി. ഗ്ലോബല്‍ ടെക് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജറാണ് വിവേക്. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്.