Asianet News MalayalamAsianet News Malayalam

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം, നവകേരളത്തിന് മാസ്റ്റര്‍പ്ലാന്‍ വേണമെന്നും വിഎസ്

മാധവ് ഗാഡ്ദഗില്‍ നടത്തിയ പ്രവചനങ്ങള്‍ ഇപ്പോള്‍ തെളിയുകയാണ്. ആ റിപ്പോര്‍ട്ടിനെ കേരളം ശാസ്ത്രീയമായി സമീപിച്ചില്ല. മറിച്ച്, രാഷ്ട്രീയമായി മാത്രമേ പരിഗണിച്ചുള്ളൂ

vs achuthanandhan speech in special assembly after flood
Author
Trivandrum, First Published Aug 30, 2018, 11:05 AM IST

തിരുവനന്തപുരം: പശ്ചിമഘട്ട മേഖലയില്‍ അടക്കം നടന്ന അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് നവകേരള നിര്‍മിതിക്കായുള്ള മാസ്റ്റര്‍പ്ലാന്‍ രൂപീകരിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ്. അച്യുതാനന്ദന്‍. വികസനം വേണ്ടെന്ന് ആരും പറയില്ല. പക്ഷേ, കൃത്യമായ ആസൂത്രണത്തിന്‍റെയും മാസ്റ്റര്‍ പ്ലാനിന്‍റെയും അഭാവത്തില്‍ വികസനം നടത്തരുത്.

പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് ഇടത് സര്‍ക്കാരിന്‍റെ മുദ്രവാക്യം. അത് ചിലര്‍ക്ക് വേണ്ടി മാറുന്നതാകരുത്. നവകേരള സൃഷ്ടിക്കായി ആദ്യം വേണ്ടത് സമഗ്രമായ മാസ്റ്റര്‍ പ്ലാനാണ്. അതിന് രൂപം നല്‍കാന്‍ കേരളത്തിലെ യുവജനങ്ങളുടെയും  വിദഗ്ധരുടെയും സഹായം തേടണം. നമ്മുടെ എന്‍ജിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, നിയമജ്ഞര്‍, അധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകരെയുമെല്ലാം ഉള്‍പ്പെടുത്തി കര്‍മസേനയ്ക്ക് രൂപം നല്‍കണം.

അവിടെ മാറ്റി നിര്‍ത്തലുകള്‍ പാടില്ല. എല്ലാ വികസന പ്രവര്‍ത്തനങ്ങളും മാസ്റ്റര്‍ പ്ലാനിന്‍റെ അടിസ്ഥാനത്തിലാവണമെന്നും പ്രളയ ദുരന്തത്തെത്തുടര്‍ന്നുള്ള പ്രത്യേക നിയമസഭ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തമാണ് നേരിട്ടത്. ഇനിയും പ്രളയ ദുരിതം അവസാനിച്ചിട്ടില്ല. പരിചിതമില്ലാത്ത പ്രളയ ദുരന്തത്തെ കേരളം ഒറ്റ മനസോടെ നേരിടുകയാണ്.

രണ്ട് കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇനി ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള കാര്യങ്ങളും ചെയ്യണം. കനത്ത മഴയാണ് പ്രളയത്തിന് കാരണം. മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ദുരന്തത്തിന്‍റെ ആക്കം കൂട്ടി. അതിന് കാരണം പ്രകൃതിയില്‍ നാം നടത്തിയ ഇടപെടലുകളും കൂടിയാണ്. നയരൂപീകരണത്തില്‍ വീഴ്ചപ്പറ്റിയത് സ്വയവിമര്‍ശനമായി കാണാം.

ഇപ്പോള്‍ ശ്രദ്ധ പുതിയ കേരളത്തിന്‍റെ രൂപീകരണത്തിലാണ്. വികസനത്തിന്‍റെയും സുസ്ഥിര വികസനത്തിന്‍റെയും അതിര്‍വരമ്പുകള്‍ പുനര്‍നിശ്ചയിക്കാനുള്ള സമയം കൂടിയാണിത്. കുന്നിടിച്ചും, വയല്‍ നികത്തിയും, തടയണ കെട്ടിയും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ശുഷ്കാന്തി അവയുണ്ടാകാതിരിക്കുന്നതിലും കാണിക്കണം.

അശാത്രീയമായ വികസനങ്ങള്‍ അവസാനിപ്പികണം. ഇപ്പോഴത്തെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍വചിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വികസനം എന്ന ലേബലില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം വരണം. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള അനിയന്ത്രിക കയ്യേറ്റങ്ങള്‍ ഒഴിവാക്കുന്നതിന് തുടക്കമിട്ടത് ഇടത് മുന്നണി സര്‍ക്കാരാണ്.

മന്ത്രിസഭ തീരുമാനിച്ചാണ് അന്ന് ദൗത്യസംഘം രൂപീകരിച്ചത്. ആ പ്രക്രിയ ഇടയ്ക്ക് വച്ച് നില്‍ക്കാനിടയായ സാഹചര്യങ്ങള്‍ പരിശോധിക്കണം. മൂന്നാര്‍ മാത്രമല്ല, കേരളത്തിലെമ്പാടും അനിയന്ത്രിത കയ്യെറ്റങ്ങള്‍ ഒഴിവാക്കിയെടുക്കണം. ക്വാറികള്‍ക്ക് നിയമപരമായി നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചാകണം അതിന് തുടക്കമിടേണ്ടത്.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്‍റെ സത്ത ചോര്‍ത്തി കളയരുത്. അത് കൂടുതല്‍ കര്‍ശനമാക്കി മാതൃകാപരമായി പ്രാവര്‍ത്തികമാക്കണം. മാധവ് ഗാഡ്ദഗില്‍ നടത്തിയ പ്രവചനങ്ങള്‍ ഇപ്പോള്‍ തെളിയുകയാണ്. ആ റിപ്പോര്‍ട്ടിനെ കേരളം ശാസ്ത്രീയമായി സമീപിച്ചില്ല. മറിച്ച്, രാഷ്ട്രീയമായി മാത്രമേ പരിഗണിച്ചുള്ളൂ. പശ്ചിമഘട്ടത്തോട് മല്ലിടാന്‍ കെല്‍പ്പില്ലെന്നുള്ള ബോധം ഇപ്പോള്‍ കേരളത്തിന് വന്നിട്ടുണ്ട്.  

പരമ്പരാഗത ജലനിര്‍ഗമന മാഗങ്ങള്‍ അടച്ചത് വെള്ളപ്പൊക്കത്തിന്‍റെ വ്യാപ്തി കൂട്ടി. തകര്‍ന്ന് പോയ വീടുകളും റോഡുകള്‍ പാലങ്ങളുമെല്ലാം പുനനിര്‍മിക്കുന്നതിനൊപ്പം പരമ്പരാഗത ജലനിര്‍മഗന പാതകളും നിര്‍മിക്കണം,. വിഴിഞ്ഞം പദ്ധതി അടക്കം കൊട്ടിഘോഷിച്ച പല വികസന പദ്ധതികളില്‍ എതെല്ലാമാണ് മഹാവിപത്തിന് കാരണമായതെന്ന് ശാസ്ത്രീയമായി വിലയിരുത്താനും ഇതാണ് സന്ദര്‍ഭം.  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയെല്ലാം അനുമോദിക്കണം. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സഹായം വാഗ്ദാനം ചെയതിട്ടണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, ഒരുമിച്ച് നിന്ന് കൂടുതല്‍ കാര്യങ്ങള്‍ നേടിയെടുക്കണമെന്നും വിഎസ് പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios