തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരരംഗത്തുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജും അവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാര പാക്കേജും നടപ്പാക്കുന്നു എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം തങ്ങളുടെ കിടപ്പാടവും ഉപജീവന മാര്‍ഗവും ഇല്ലാതാക്കുന്നു എന്ന മത്സ്യത്തൊഴിലാളികളുടെ പരാതി ന്യായമായും പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും വിഎസ് ആവശ്യപ്പെട്ടു.
ഒരു പ്രദേശത്തെ ജനങ്ങളെയാകെ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല, ഇത്തരം പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമാണുണ്ടാവുക എന്നതാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയത്. എന്നാല്‍, അതിനപ്പുറം അത് പ്രദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിനയായിത്തീരുന്ന സ്ഥിതികൂടി സംജാതമാവുകയാണ്.
ഈ സാഹചര്യത്തില്‍, പുനരധിവാസ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് സിഎജിയും കോടതിയുമെല്ലാം ചൂണ്ടിക്കാട്ടിയ കുഴപ്പങ്ങള്‍ നിസ്സാരമായി കണ്ടുകൂടായെന്നും വിഎസ് പറഞ്ഞു.
