ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനം യുദ്ധക്കളമായി. രാവിലെ പലയിടത്തും കടകൾ തുറന്ന വ്യാപാരികൾക്ക് നേരെ ശബരിമല കർമസമിതി പ്രവർത്തകരും, ബിജെപി - സംഘപരിവാർ പ്രവർത്തകരും ആക്രമണം തുടങ്ങി. കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. നിരവധി സ്ഥലങ്ങളിൽ സിപിഎം ഓഫീസുകൾ ആക്രമിക്കപ്പെട്ടു. തിരിച്ചും ആക്രമണമുണ്ടായി.  

ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനം യുദ്ധക്കളമായി. രാവിലെ പലയിടത്തും കടകൾ തുറന്ന വ്യാപാരികൾക്ക് നേരെ ശബരിമല കർമസമിതി പ്രവർത്തകരും, ബിജെപി - സംഘപരിവാർ പ്രവർത്തകരും ആക്രമണം തുടങ്ങി. കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. നിരവധി സ്ഥലങ്ങളിൽ സിപിഎം ഓഫീസുകൾ ആക്രമിക്കപ്പെട്ടു. തിരിച്ചും ആക്രമണമുണ്ടായി.  

തിരുവനന്തപുരത്ത് സംഘർഷപരമ്പര

സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് തെരുവുയുദ്ധമാണ് അരങ്ങേറിയത്. ബിജെപിയുടെ നിരാഹാസമരപ്പന്തലിന് മുന്നിൽ പ്രവർത്തകർ മാർച്ചുമായി എത്തുന്നതിനിടെ സിപിഎമ്മിന്‍റെ ഫ്ലക്സുകളും പന്തലുകളും വലിച്ചു കീറാൻ ശ്രമിക്കുന്നത് ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. പിന്നീട് പ്രവർത്തകർ പരക്കെ അക്രമം അഴിച്ചുവിട്ടു. ആക്രമണത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ബൈജു വി മാത്യുവിന്‍റെ കൈ ഒടിഞ്ഞു.

Read More: ഹർത്താലിൽ മാധ്യമപ്രവർത്തകരെ ഉന്നമിട്ട് അക്രമികൾ; ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനടക്കം പരിക്ക്

നെടുമങ്ങാട് എസ്ഐയെ കർമസമിതി പ്രവർത്തകർ ആക്രമിച്ചു. നെടുമങ്ങാട് ആനാട് കടകൾക്ക് നേരെ അക്രമം നടത്തിയവരെ പിടികൂടുന്നതിനിടെയാണ് എസ്ഐ സുനിൽ ഗോപിയേയും ഡ്രൈവറെയും ആക്രമിച്ചത്. പൊലീസ് വാഹനവും അടിച്ച് തകർത്ത അക്രമികൾ പൊലീസ് പിടികൂടിയ ഒരാളെ മോചിപ്പിച്ചു. പിന്നീട് സിപിഎം - ബിജെപി പ്രവ‍ർത്തകർ തമ്മിലും ബോംബേറും കല്ലേറും നടന്നു. 

മലയിൻകീഴ് ഈഴക്കോട് സ്വദേശിനി ബിജുപ്രഭയുടെ വീട് ഒരു സംഘമാളുകൾ ആക്രമിച്ചു. കാറിന്‍റെയും ജനലുകളുടേയും ചില്ലുകൾ അടിച്ചു തകർത്തു. വനിതാമതിലിൽ പങ്കെടുത്ത ചിത്രം ഫെയ്സ് ബുക്കിലിട്ടതാണ് പ്രകോപനം. 

CITU തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സാബുവിന്‍റെ നെടുമങ്ങാടുള്ള വീടിനു നേരെയും ആക്രമണം ഉണ്ടായി. വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനം അക്രമികൾ അടിച്ചു തകർത്തു

ജില്ലയിൽ ഒരിടത്തും കടകൾ തുറന്നില്ല. ചാല കമ്പോളത്തിൽ കടകൾ തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചിരുന്നെങ്കിലും പൊലീസ് സംരക്ഷണം നൽകാത്തതിനാൽ പിൻമാറി.പള്ളിമുക്കിൽ കർണ്ണാടക ആർടിസി ബസ്സിന് നേരെ കല്ലേറുണ്ടായി. 

കൊല്ലത്ത് പളളമുക്കിൽ കടകൾ തുറന്നതിന്‍റെ പേരിൽ വ്യാപാരികളും ബിജെപിക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പരവൂരിൽ 7 കടകൾക്ക് നേരെ ആക്രമണമുണ്ടായി. പത്തനാപുരം കൊട്ടാരക്കര മേഖലയിൽ റോഡുകൾക്ക് കുറുകെ തടികളും ടയറുകളും ഇട്ട് തീകത്തിച്ചത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. പടിഞ്ഞാറേ കല്ലടയിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. 

അടൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ബിജെപി, ശബരിമല കർമ്മസമിതി പ്രവ‍ർത്തകർ ആക്രമിച്ചു. ഓഫിസിലേക്ക് കല്ലും കുപ്പികളും വലിച്ചെറിഞ്ഞ ഹർത്താൽ അനുകൂലികൾ സിപിഎമ്മിന്‍റെ പാലിയേറ്റിവ് കെയർ യൂണിറ്റായ മദർ തെരേസ പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലൻസ് പൂ‍ർണ്ണമായി അടിച്ചുതകർത്തു. 

റാന്നിയിൽ ഡിവൈഎഫ്ഐ ഓഫീസിന് നേരെ അക്രമം ഉണ്ടായി. ജോസ് എന്ന സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു. പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് മാത്രമാണ് ശബരിമലയിലേക്ക് ബസ്സുകൾ സർവ്വീസ് നടത്തുന്നത്.

നിശ്ചലമായി കൊച്ചി; കടകൾ തുറന്നില്ല

ഹര്‍ത്താലിനെതിരെ വ്യാപാര വാണിജ്യ സംഘടനകള്‍ ഒരുമിച്ചു നില്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊച്ചി നഗരത്തില്‍ ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങളും നിരത്തില്‍ കുറവാണ്. എന്നാല്‍ കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നുണ്ട്. ബ്രോഡ് വേയില്‍ വ്യാപാരി സംഘടനകള്‍ കടകള്‍ തുറന്നു.  ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി മതിയായ സംരക്ഷണം ഉറപ്പു വരുത്തിയ  ശേഷമാണ് കടകള്‍ തുറന്നത്. 

കലൂരിലും ചിലയിടങ്ങളില്‍ കടകള്‍ തുറന്നിട്ടുണ്ട്. തൃശൂരിലും ആലപ്പുഴ കലവൂരിലും കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസിനു നേരെ കല്ലേറുണ്ടായി. തൃശൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ നിരവധി ബോര്‍ഡുകള്‍ തകര്‍ത്തു.കോതമംഗലത്തും പെരുമ്പാവൂരും  തുറന്ന കടകള്‍ അടപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. പെരുമ്പാവൂരില്‍ ഹര്‍ത്താല്‍ അനുകൂല പ്രകടനത്തില്‍ നുഴഞ്ഞുകയറിയ 2 പേരെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് സമരക്കാര്‍ എംസി റോഡ് ഉപരോധിച്ചു.

കോതമംഗലത്ത് കടയടപ്പിക്കാന്‍ ശ്രമിച്ച10 പേരേയും കളമശ്ശേരിയില്‍ 40 പേരേയും അറസ്റ്റ് ചെയ്തു. പൊന്‍കുന്നത്ത് തുറന്ന കടക്കു നേരെ കല്ലേറുണ്ടായി. പോലീസ് ലാത്തി വീശി. പറവൂരില്‍ ഹര്‍ത്താല്‍ അനുകൂലികളും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏലൂരിൽ 3 കാറുകള്‍ക്കു നേരെ കല്ലേറുണ്ടായി

ചെറുതുരുത്തിയില്‍ പ്രകടനക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കല്ലേറുണ്ടായി. മൂന്നാറില്‍ 4 ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്തു. 

ഹരിപ്പാട് ചിങ്ങോലിയിൽ മൂന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ തടസപ്പെടുത്താൻ ഹർത്താൽ അനുകൂലികൾ ശ്രമിച്ചു. സ്ത്രീകളെ ഭീഷണിപ്പെടുത്തി മസ്റ്റർ റോൾ ബലമായി പിടിച്ച് വാങ്ങാൻ പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷമായി. തുടർന്ന് പൊലീസെത്തി പ്രശ്നം പരിഹരിച്ചു. 

മധ്യകേരളത്തില്‍ കെഎസ്ആര്‍ടിസി  സര്‍വ്വീസ് ഏറെക്കുറെ പൂര്‍ണ്ണമായും മുടങ്ങി. എന്നാല്‍  കോട്ടയത്ത് നിന്നും നിലക്കലിലേക്ക് കെഎസ്ആര്‍ടിസി കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തി. 

മിഠായിത്തെരുവ് യുദ്ധക്കളം; പാലക്കാട് സിപിഎം ഓഫീസിന് നേരെ ആക്രമണം

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. പ്രകടനം നടത്തിയ വ്യാപാരികള്‍ കോഴിക്കോട് മിഠായിതെരുവില്‍ കടകള്‍ തുറന്നതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തി. ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ തുടങ്ങിയതോടെ മിഠായിതെരുവ് സംഘര്‍ഷഭരിതമാകുകയായിരുന്നു.

Read More: മിഠായിത്തെരുവിൽ ക്ഷേത്രത്തിൽ നിന്ന് ആയുധങ്ങൾ പിടിച്ചു; അക്രമികൾ അറസ്റ്റിൽ

ഹര്‍ത്താല്‍ അനുകൂലികളും പൊലീസും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ കടകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കല്ലേറില്‍ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ചില കടകള്‍ ബലമായി അടപ്പിച്ചെങ്കിലും വ്യാപാരികള്‍ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിലാണ്. 

ഹർത്താലിന്‍റെ മറവിൽ അക്രമികൾ പാലക്കാട് വ്യാപക ആക്രമണം നടത്തി. സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് ബിജെപി, ശബരിമല കർമ്മസമിതി പ്രവർത്തകർ അടിച്ചുതകർത്തു. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ തകർത്തു. വിക്ടോറിയ കോളേജിന് മുന്നിൽ സംഘടിച്ച ബിജെപി, ആർഎസ്എസ് പ്രവർത്തകർ ഓഫീസ് ആക്രമിക്കുകയായിരുന്നു.

ഹ‍ർത്താലിന്‍റെ ഭാഗമായി നഗരത്തിൽ പ്രകടനം നടത്തി മടങ്ങിയ പ്രവർത്തകർ തിരിച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ചുതകർത്ത ശേഷം സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസായ പി ബാലചന്ദ്രമേനോൻ സ്മാരകത്തിന് നേരെ ഹർത്താൽ അനുകൂലികൾ രൂക്ഷമായ കല്ലേറ് തുടങ്ങി. തുട‍ർന്ന് ഓഫീസ് വളപ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ ജനാല ചില്ലുകളും ഓഫീസിന് മുന്നിലുണ്ടായിരുന്ന നാല് വാഹനങ്ങളും തല്ലിത്തകർത്തു. പാർട്ടി ഓഫീസിന് മുന്നിലുള്ള കൊടിമരവും ഇവ‍ർ നശിപ്പിച്ചു.

ആക്രമണം നേരിടാൻ വേണ്ടത്ര പൊലീസ് സുരക്ഷ ഇവിടെയില്ലായിരുന്നു. കൂടുതൽ പൊലീസ് എത്തുന്നത് വരെ സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് വളപ്പിൽ കണ്ണിൽക്കണ്ടതെല്ലാം അക്രമികൾ അടിച്ചുതകർത്തു. തുടർന്ന് ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഹർത്താൽ അനുകൂലികളുടെ വ്യാപകമായ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ തൊട്ടടുത്തുള്ള സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനുള്ള സുരക്ഷ പൊലീസ് വർദ്ധിപ്പിച്ചു.

തലശ്ശേരിയിൽ ഹർത്താലിനിടെ നടന്ന മാർച്ചിൽ ബോംബേറുണ്ടായി. ജില്ലയിൽ പലയിടത്തും വ്യാപക അക്രമസംഭവങ്ങളുണ്ടായി. 

കാസറഗോഡ് വിനോദ സഞ്ചാരികളേയും ഹർത്താൽ അനുകൂലികൾ ആക്രമിച്ചു. മുംബൈയിൽ നിന്നും എത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച രണ്ട് കാറുകൾ അക്രമികൾ എറിഞ്ഞുതകർത്തു.