കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്‍റെ അനാസ്ഥ മാലിന്യം പകര്‍ച്ചവ്യാധികളുടെ രോഗവാഹകരായി മാറുന്നു

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ശക്തന്‍ നഗറിലെ ബസ് സ്റ്റാന്റിലും പഴം, പച്ചക്കറി, മാംസ-മത്സ്യ മാര്‍ക്കറ്റുകളിലും വന്നുപോകുന്നവര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. ശക്തന്‍ നഗറിലെ മാലിന്യ സംസ്‌കരണ പ്ലാന്‍റില്‍ നിന്നും മാലിന്യം പൊതുസ്ഥലത്ത് പരന്നൊഴുകുകയാണ്. പ്ലാന്‍റില്‍ നിന്നുമൊഴുകുന്ന മലിനജലം വഴിയിലാണ് കെട്ടിക്കിടക്കുന്നത്. നിപ്പ വൈറസ് ഭീതിക്കിടെയാണ് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്‍റെ അനാസ്ഥമമൂലം മാലിന്യം പകര്‍ച്ചവ്യാധികളുടെ രോഗവാഹകരായി മാറുന്നത്. ഇവിടെയുള്ള വഴിയോര കച്ചവടക്കാരും യാത്രക്കാരും ഭയത്തിലാണ്. 

മാലിന്യസംസ്‌കരണത്തില്‍ നടപടികളെടുക്കുന്നുവെന്ന് ഊറ്റം കൊള്ളുന്ന കോര്‍പ്പറേഷനില്‍ ഒരു മഴ പെയ്തതോടെയാണ് ഈ ദുരിതത്തിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്റെ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന നഗരത്തിലെ പള്ളിക്കുളത്തിനോട് ചേര്‍ന്നു പ്ലാന്‍റിന്‍റെ മതിലിടിഞ്ഞ് കുളത്തിലേക്ക് വീണിരുന്നു. പകര്‍ച്ചപ്പനിയില്‍ ശുചീകരണ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പും, കോര്‍പ്പറേഷനും നല്‍കിയിരുന്നു. 

എന്നാല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ കോര്‍പ്പറേഷന്‍ സ്വന്തം സ്ഥാപനം വരുത്തിവെക്കുന്ന മലിനീകരണ പ്രശ്‌നത്തിന് നേരെ കണ്ണടച്ചിരിക്കുകയാണ്. നഗരത്തിന് ദൂരെ മാറിയായിരുന്നു നേരത്തെ ലാലൂരെങ്കില്‍, ഇപ്പോള്‍ നഗരത്തിന്റെ ഹൃദയഭാഗമായ ശക്തന്‍ നഗറില്‍ പ്‌ളാസ്റ്റിക് അടക്കമുള്ളവ ഒരു ഭാഗത്തും, ജൈവ മാലിന്യങ്ങള്‍ മറ്റൊരു ഭാഗത്തും കുന്നുകൂടി കിടക്കുന്നത്. മഴക്കാലമായതോടെയാണ് ഇവ പൊട്ടിയൊഴുകി ദുര്‍ഗന്ധം വമിച്ചു തുടങ്ങിയത്. 

ജൈവമാലിന്യസംസ്‌കരണ പ്ലാന്‍റില്‍ സംസ്‌കരണം പേരിന് മാത്രം നടത്തുകയും ഏറെയും കുഴിയെടുത്ത് മൂടുകയുമാണത്രെ. ഇതിനായെടുത്ത കുഴിയില്‍ മാലിന്യങ്ങള്‍ കൊണ്ടു വന്നിട്ടതോടെയാണ് വെള്ളം നിറഞ്ഞ് ദുരിതത്തിലായത്. കുഴിയില്‍ നിന്നും പുറത്തേക്കൊഴുകി വഴിയോര കച്ചവടക്കാര്‍ക്കും, ശക്തന്‍ സ്റ്റാന്‍ഡിനെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരും ഈ മാലിന്യദുരിതത്തിലാണ്.