തിരുവല്ല: പുതിയ ജലസംരക്ഷണ നിയമപ്രകാരമുള്ള ആദ്യ കേസ് തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്തു. ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്ത വരട്ടാറില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെയാണ് കേസെടുത്തത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മാലിന്യം കുമിഞ്ഞുകൂടി ഒഴുക്ക് നിലച്ച വരട്ടാര്‍ ജനകീയ പങ്കാളിത്തത്തോടെ വീണ്ടെടുത്തപ്പോഴാണ് പുതിയ ജലസംരക്ഷണ നിയമം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. അതേ വരട്ടാറില്‍നിന്ന് തന്നെ ആദ്യ കേസും വന്നിരിക്കുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഒരുസംഘം ആളുകള്‍ മാലിന്യം നിറച്ച ചാക്കുകെട്ട് വരട്ടാറില്‍ തള്ളിയത്. തിരുവല്ലക്ക് സമീപം പ്രയാറ്റുകടവിലെ നാട്ടുകാര്‍ ഇത് ശ്രദ്ധിക്കുകയും ചാക്ക് കരയ്ക്കടുപ്പിക്കുകയും ചെയ്തു. തുറന്നുനോക്കിയപ്പോള്‍ കണ്ടത് പഴയ അടിവസ്ത്രങ്ങളും ഉപയോഗശൂന്യമായ ചെരുപ്പുകളും കളിപ്പാട്ടങ്ങളും. 

വിശദമായി പരിശോധിച്ചപ്പോള്‍ വിലാസം രേഖപ്പെടുത്തിയ കവറും ലാബിലെ പരിശോധനാ ഫലവും കിട്ടിയിരുന്നു. തിരുവല്ലക്ക് സമീപം ഓതറയിലുള്ളവരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് ഇതോടെ മനസിലായി. പ്രയാറ്റുകടവുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. മാലിന്യം നിക്ഷേപിച്ചവരെന്ന് സംശയിക്കുന്നവര്‍ ചാക്കുകെട്ട് തിരികെ കൊണ്ടുപോയിരുന്നു. ഇവ പുഴയില്‍ തള്ളിയത് തങ്ങളല്ലെന്നാണ് ഇവരുടെ വാദം. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. 2003ലെ ജല സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നത്.