മൂന്നാര്‍ നല്ലതണ്ണി കല്ലാര്‍ റോഡിന് വശത്തുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങളായെങ്കിലും അധികാരികള്‍ പ്രശ്‌നത്തില്‍ അലംഭാവം തുടരുന്നത് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുകയാണ്.

ഇടുക്കി: കേരളത്തിന്റെ കാശ്മീരില്‍ മാലിന്യമല വളരുന്നു. ദിനംപ്രതി ശക്തി പ്രാപിക്കുന്ന വിനോദ സഞ്ചാരത്തിന്റെ ബാക്കിയായി മൂന്നാറില്‍ അടിയുന്ന മാലിന്യങ്ങള്‍ കാര്യമായ നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ പ്രദേശത്ത് സാഗ്രമിക രോഗങ്ങള്‍ പടരാനുള്ള സാധ്യതയേറി. 

മൂന്നാര്‍ നല്ലതണ്ണി കല്ലാര്‍ റോഡിന് വശത്തുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങളായെങ്കിലും അധികാരികള്‍ പ്രശ്‌നത്തില്‍ അലംഭാവം തുടരുന്നത് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുകയാണ്. ദിവസം തോറും നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന മൂന്നാറിലെ മാലിന്യങ്ങള്‍ മാറ്റുന്നതിന് കോടികള്‍ ചിലവഴിച്ചിട്ടും ഫലമുണ്ടായിച്ചില്ല. 

മൂന്നാറിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി 2001 ല്‍ കോടികള്‍ ചിലവഴിച്ചാണ് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിച്ചത്. മാലിന്യങ്ങള്‍ ഇവിടെയെത്തിച്ച് കത്തിച്ച് കളയുന്നതിനുള്ള സംവിധാനവും ഭക്ഷണാവശിഷ്ടങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഇതിനോട് ചേര്‍ന്ന് പന്നിഫാമും തുടങ്ങിയിരുന്നു. മൂന്നാര്‍ ടൗണിലും സമീപപ്രദേശങ്ങളിലും നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇവിടെയെത്തിച്ച് സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആദ്യകാലത്ത് കൃത്യമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും കരാര്‍ ഏറ്റെടുത്തിരുന്നവര്‍ അലംഭാവം കാണിച്ചതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം താളംതെറ്റി.

ഇതേതുടര്‍ന്ന് മാലിന്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാവാതെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി. എത്തുന്ന മാലിന്യങ്ങളില്‍ ഏറിയ പങ്കും പ്ലാസ്റ്റിക്കാണെന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷിച്ചു. ഇത് പരിസരവാസികളുടെ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി 2015 ജനുവരിയില്‍ തദ്ദേശ ഭരണകൂടം പ്ലാന്റിനായി ഒന്നരക്കോടി രൂപ വകയിരുത്തി. എന്നാല്‍ ജെ.സി.ബി ഉപയോഗിച്ച് കുന്നുകൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ നിരത്തിയിടുക മാത്രമാണ് അന്ന് ചെയ്തത്. 

തുക വിനിയോഗിക്കാതെ വന്നതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ പാളി. പ്ലാന്റിന്റെ അനുദിന പ്രവര്‍ത്തനങ്ങള്‍ പോലും നടത്താനാവാതെ കരാറുകാര്‍ പിന്‍വാങ്ങിയതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം വീണ്ടും നിലച്ചു. മാലിന്യം മാറ്റാനാവാതെവന്നതോടെ നിയമസഭയിലും പ്രശ്‌നം ചര്‍ച്ചാവിഷയമായി. മൂന്നാറിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി പഠനങ്ങള്‍ നടത്തുന്നതിനായി നിയമസഭാ സമതിയെ നിയോഗിക്കുകയും ചെയ്തു. 

2016 നവംബറില്‍ മുല്ലക്കര രത്‌നാകരന്റെ നേതൃത്വത്തിലുള്ള ഉപസമിതി മൂന്നാറിലെ പ്ലാന്റിലെത്തി പ്രശ്‌നങ്ങള്‍ പരിശോധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഷ്ട്രീയ സാമൂഹ്യ വേദികളില്‍ മൂന്നാറിലെ മാലിന്യ പ്രശ്‌നം നിരന്തരം ചര്‍ച്ചയായിട്ടും പ്രശ്‌നത്തിന് ഉചിതമായൊരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. 2016 സെപ്റ്റംബര്‍ 9 ന് മൂന്നാര്‍ ഗവണ്‍മെന്റ് കോളേജില്‍ മാലിന്യപ്രശ്‌നത്തെക്കുറിച്ച് ദേശീയ സെമിനാര്‍ വരെ നടന്നു.

മാലിന്യങ്ങള്‍ അകറ്റുന്നതിനും സംസ്‌കരിക്കുന്നതിനും ക്രിയാത്മകവും ദീര്‍ഘവീക്ഷണമുള്ള നടപടികളും തദ്ദേശഭരണകൂടം സ്വീകരിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. മൂന്നാറിലെ പ്രത്യേക സാഹചര്യത്തിന് അനുയോജ്യമായ വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ മാലിന്യപ്രശ്‌നം സമീപഭാവിയില്‍ നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.