തിരുവനന്തപുരം: കുടിവെള്ളത്തിനായി ഈ വേനല്‍ക്കാലത്തും ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ കോടിക്കണക്കിന് രൂപ മുടക്കി ഗ്രാമീണ മേഖലയില്‍ സ്ഥാപിച്ച പദ്ധതികളിലേറയും നിശ്ചലാവസ്ഥയില്‍. സംസ്ഥാനത്ത് ഇതിനോടകം സ്ഥാപിച്ച പദ്ധതികളില്‍ 44 ശതമാനം മാത്രമാണ് പ്രവര്‍ത്തന സജ്ജമായുള്ളത്. വാട്ടര്‍ അതോറിറ്റിയും തദ്ദേശ ഭരണ സ്ഥാപനങ്ങളും പരസ്പരം പഴിചാരുമ്പോള്‍ ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ വെള്ളാനയായി മാറുന്നതിന് പിന്നിലെ കെടുകാര്യസ്ഥത ആരുടേതാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിക്കുന്നു
മന്ത്രി ടി പി രാമകൃഷ്ണന്‍റെ മണ്ഡലമായ പേരാമ്പ്രയിലെ നരേന്ദ്രദേവ് ആദിവാസി കോളനിയില്‍ നാല് വര്‍ഷം മുന്പ് നിര്‍മ്മിച്ച പദ്ധതി തേടി ചെന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് ഇങ്ങനെ ഒരു പദ്ധതി കാണാന്‍ പറ്റിയില്ല. നാല്‍പത് ലക്ഷം രൂപ മുടക്കിയെന്ന് പഞ്ചായത്ത് രേഖകളില്‍ വ്യക്തമാക്കുന്ന ഈ പദ്ധതി ഇന്നത്തെ അവസ്ഥ ദയനീയമാണ്.
മലയോര പ്രദേശമായ ചക്കിട്ടപ്പാറക്ക് ആശ്വാസമെന്ന് കൊട്ടിഘോഷിച്ച മറ്റൊരു പദ്ധതി. 60 ലക്ഷമാണ് മുടക്കുമുതല്‍.ഒരു തുള്ളിവെള്ളം പോലും ഈ സംഭരണിയിലെത്തിയിട്ടില്ല. വഴിനീളെ ടാപ്പുകള്‍ സ്ഥാപിച്ച വകയിലും ലക്ഷങ്ങള്‍ ചെലവാക്കിയത് മിച്ചം. സീതപ്പാറ കുടിവെള്ള പദ്ധതി. 30 ലക്ഷം രൂപ മുടക്കി മൂന്ന് വര്‍ഷം മുന്പ് നിര്‍മ്മിച്ച ഈ പദ്ധതി കണ്ടാല്‍ പ്രവര്‍ത്തന സജ്ജമാണെന്നേ തോന്നൂ. വെള്ളം നിറഞ്ഞൊഴുകുന്ന ഈ സംഭരണിയില്‍ നിന്ന് നാട്ടുകാര്‍ക്ക് ഒരു തുള്ളി പോലും കിട്ടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം കോടികള്‍ മുടക്കി ഗ്രാമീണ മേഖലയായ പെരുവണ്ണാമൂഴിയിലും, ഗോവിന്ദപുരത്തും നിര്‍മ്മിച്ച ജപ്പാന്‍ കുടിവെള്ള പദ്ധതികളുടെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെ.
പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടാത്ത പദ്ധതികള്‍ സ്വകാര്യ കുടിവെള്ള വിതരണക്കാര്‍ക്ക് ഒത്താശ ചെയ്യുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്.
സംസ്ഥാനത്തൊട്ടാകെ ഗ്രാമപ്രേദശങ്ങളില്‍ 32562 പദ്ധതികളാണ് ഇതിനോടകം സ്ഥാപിച്ചത്. ഇതില്‍ 14327 പദ്ധതികള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്ന ജലവിഭവ വകുപ്പിന്‍റെ കണക്കുകള്‍ കൂടി അറിയുമ്പോഴാണ് ഈ കെടുകാര്യസ്ഥത കൂടുതല്‍ വ്യക്തമാകുന്നത്.
കുടിവെള്ള പദ്ധതികള്‍ നിര്‍മ്മിച്ച് പ്രാദേശിക സമിതികളെ ഏല്‍പിക്കുന്നതോടെ വാട്ടര്‍ അതോറിറ്റിയും, ത്രിതല പഞ്ചായത്തുകളും ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരുകയാണ്. ആദിവാസി മേഖലയിലേതടക്കം വെള്ളാനയായി മാറുന്ന കുടിവെള്ള പദ്ധതികള്‍ക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് നമ്മുടെ വിജിലന്‍സ് മേധാവി ആവര്‍ത്തിക്കുന്നത്. പഞ്ചായത്ത് തലം മുതല്‍ അന്വേഷിച്ചാല്‍ ഈ കെടുകാര്യസ്ഥതയുടെ കണ്ണികള്‍ വ്യക്തമാകും.
