വയനാട് ബത്തേരിയിൽ കൃഷിയിടത്തിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടാകാതിരിക്കാന‍് നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റുമരിച്ചുവെന്നാണ് പോലീസിന്‍റെ നിഗമനം . അതേസമയം ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാല്‍ കുറ്റക്കാരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി ആദിവാസികള്‍ രംഗത്തുവന്നിട്ടുണ്ട്

കഴിഞ്ഞയാഴ്ചയാണ് ബത്തേരി മുണ്ടോക്കര പണിയ കോളനിയിലെ അനിലിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വന്യമൃഗശല്യം തടയാൻ ഉണ്ടാക്കിയ വേലിയില്‍ നിന്നുള്ള ഷോക്കേറ്റായിരുന്നു മരണമെന്ന് അന്നുതന്നെ കോളനിവാസികൾ പരാതിപ്പെടാനാണ്. കുറ്റകാരായവരുടെ പേരുവരെ അവര്‍ പറഞ്ഞുകോടുത്തു. ഇത്രയോക്കെയായിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുംവരെ കാക്കാനായിരുന്നു പോലീസിന്റെ തീരുമാനം ഒടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മരണം ഷോക്കേറ്റാണെന്ന് തെളിഞ്ഞു. സംഭവത്തിൽ അമ്പലവയല്‍ പോലീസ് ഒത്തുകളിക്കുന്നുവെന്നാണ് ഇപ്പോൾ കോളനിവാസികളുടെ ആരോപണം. ചില രാഷ്ട്രീയ സ്വാധീനമാണ് ഇതിനുകാരണമായി അവര്‍ ചൂണ്ടികാട്ടുന്നത്. കേസില്‍ നിന്നും പിന്‍മാറാന്‍ പണം വാഗ്ദാനം ചെയ്തുവെന്നും ഇവര്‍ ആരോപിക്കുന്നു


അതേസമയം മുന്‍കൂര്‍ അനുമതിയും മുന്നറിയിപ്പുമില്ലാതെ വൈദ്യുതി വേലി നിര്‍മ്മിച്ച ആളുകളെകുറിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. മുന്നറിയിപ്പില്ലാതെ വൈദ്യുതി കമ്പിവേലിയിലൂടെ കടത്തിവിട്ടതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് വൈകാതെ പ്രതികളെല്ലാം അറസ്റ്റിലാകുമെന്നും പോലീസ് പറയുന്നു.