Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ നെല്‍കൃഷി നാശത്തിന് നഷ്ടപരിഹാരമില്ല, കര്‍ഷകര്‍ ദുരിതത്തില്‍

  • പുനരാവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പായില്ല
  • പരാതിയുമായി കര്‍ഷകര്‍
  • വായ്പകള്‍ തിരിച്ചടക്കാനാവുന്നില്ല
wayand paddy farmers issue

വയനാട്: വയനാട് ജില്ലയില്‍ കൃഷിനാശം സംഭവിച്ച നെല്‍ കര്‍ഷകര്‍ക്ക് ആറ് മാസം പിന്നിട്ടിട്ടും ഇന്‍ഷൂറന്‍സ് തുക ലഭിച്ചില്ലെന്ന് പരാതി. സംസ്ഥാന സര്‍ക്കാരിന്റെ പുനരാവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. നെല്‍കൃഷി നശിച്ചതിന് ശേഷം നഷ്ടപരിഹാരത്തിനായി അപേക്ഷയും നല്‍കി കാത്തിരിപ്പാണ് വിവിധ പ്രദേശങ്ങളിലുള്ള കര്‍ഷകര്‍. 

വരള്‍ച്ച, വെള്ളപ്പൊക്കം, വന്യജീവി ആക്രമണം എന്നിവ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്കാണ് പ്രധാനമായും നഷ്ടപരിഹാരം ലഭ്യമാകുകയെന്ന് പദ്ധതിയില്‍ അംഗങ്ങളാകുമ്പോള്‍ കര്‍ഷകരെ അറിയിച്ചിരുന്നു. ഇതിന് പുറമെ കീടബാധയേറ്റുള്ള കൃഷി നാശത്തിനും പണം ലഭിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കീടബാധയേറ്റാല്‍ കൃഷി ഓഫിസില്‍ അറിയിച്ച്  പ്രതിരോധ നടപടികള്‍ കൈക്കൊള്ളണം. ഇതിനും ശേഷം നാശമുണ്ടായാല്‍ മാത്രമായിരിക്കും നഷ്ടം ലഭിക്കുക. 

സര്‍ക്കാര്‍ അറിയിപ്പ് അനുസരിച്ച് വിള ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ക്കാണ് ആറുമാസമായിട്ടും നഷ്ടപരിഹാരം നല്‍കാതിരിക്കുന്നത്. വെള്ളമുണ്ട കൃഷിഭവന് കീഴിലെ കൊമ്മയാട് പാടശേഖരത്തില്‍ പത്തേക്കറോളം സ്ഥലത്താണ് ഇവര്‍ നെല്‍കൃഷി ചെയ്തിരുന്നത്. വരള്‍ച്ചയും മറ്റും നിമിത്തം കൃഷി സെപ്തംബര്‍ അവസാനത്തോടെ നശിച്ചു. നവംബര്‍ ആദ്യം തന്നെ ഇന്‍ഷുറന്‍സ് തുകക്കായി അപേക്ഷ നല്‍കി. ഇതിന് മുന്നോടിയായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. 

എന്നാല്‍ നഷ്ടപരിഹാരം മാത്രം ഇതുവരെ ലഭിച്ചിട്ടില്ല. ഈ പദ്ധതിക്ക് കീഴില്‍ വിള ഇന്‍ഷൂര്‍ ചെയ്ത ജില്ലയിലെ മറ്റുപ്രദേശങ്ങളിലെ കര്‍ഷകരുടെയും അവസ്ഥയും മറിച്ചല്ല. നെല്‍കൃഷിക്ക് നേരത്തെ ഹെക്ടര്‍ ഒന്നിന് 100 രൂപ പ്രീമിയം അടച്ച് നഷ്ടപരിഹാരമായി 15000 രൂപ വരെ ലഭിച്ചിരുന്നു. പുതിയ പദ്ധതി പ്രകാരം പ്രീമിയം ഹെക്ടറിന് 250 രൂപയും നഷ്ടപരിഹാരം 35,000 രൂപയുമാക്കി ഉയര്‍ത്തിയിരുന്നു. 50,000 രൂപക്ക് മുകളിലുള്ള നഷ്ടപരിഹാരത്തിന് ശിപാര്‍ശ ചെയ്യേണ്ടത് ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറാണ്. 

കര്‍ഷകരുടെ വിഹിതത്തിന് പുറമെ സര്‍ക്കാര്‍  വിഹിതവും സഹകരണബാങ്കിലെ ഫണ്ട് നിക്ഷേപത്തിലുടെ ലഭിക്കുന്ന പലിശയും ചേര്‍ത്താണ് പദ്ധതിയില്‍ പണം നല്‍കുന്നത്. വാഴകൃഷി നാശത്തിന് ഭേദപ്പെട്ട നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ നെല്‍കര്‍ഷകര്‍ക്ക് തുച്ഛമായ തുകയാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നതെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഈ പരാതി പരിഹരിക്കാന്‍ കൊണ്ടുവന്ന പദ്ധതിയോടെ ചില്ലിക്കാശ് പോലും കിട്ടാത്ത അവസ്ഥയാണുണ്ടായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. വന്‍തോതില്‍ കൃഷി നാശമുണ്ടായതോടെ പലരും കാര്‍ഷിക വായ്പകള്‍ തിരിച്ചടക്കാനാവാതെ ദുരിതത്തിലായിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios