സംഘടനയുടെ ഒന്നാം വാര്‍ഷികാഘോഷ വേളയിലാണ്  'പുനര്‍വായന" പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ മാത്രമായി ഒതുങ്ങുകയില്ല

കൊച്ചി: സ്ത്രീശാക്തീകരണത്തിനായി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ നിലവില്‍ വന്ന സംഘടനയുടെ ഒന്നാം വാര്‍ഷികാഘോഷ വേളയിലാണ് ഡബ്ല്യുസിസി പുനര്‍വായന എന്ന പേരില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതിനു കീഴില്‍ സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കുന്നതിന് ഒരു പുതിയ കമ്മിറ്റിക്ക് രൂപം നല്‍കും.

കൂടാതെ സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ച് ഫിലിം ഫെസ്റ്റിവലും മറ്റ്‌ പരിപാടികളും സംഘടിപ്പിക്കും. സ്ത്രീകള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് മറ്റു സംഘടനകളുമായി ചര്‍ച്ചകള്‍ നടത്താനും സര്‍ക്കാരുമായി സഹകരിച്ചു ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാനും ഡബ്ല്യുസിസി നടപടി എടുക്കും. ഇത് കൂടാതെ ബെച്ച്ദെല്‍ അവാര്‍ഡ്‌ എന്ന പേരില്‍ ഒരു പുതിയ പുരസ്കാരം നല്‍കുവാനും തീരുമാനമായി. എന്നാല്‍ ഇനി മുതല്‍ ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ മാത്രമായി ഒതുങ്ങുകയില്ല എന്ന് ആഘോഷ ചടങ്ങുകള്‍ക്കിടെ സംവിധായികയും അഭിനേത്രിയുമായ രേവതി വ്യക്തമാക്കി.

സിനിമ മേഖലയില്‍ പ്രശ്നങ്ങള്‍ നേരിടുന്ന ആര്‍ക്കും ഡബ്ല്യുസിസിയുടെ സഹായം ലഭ്യമാകും. ഡബ്ല്യുസിസി തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തെറ്റുകള്‍ തിരുത്തി കൂടുതല്‍ ഊര്‍ജത്തോടെ മുന്നോട്ടു പോകാനാണ് ഉദ്ദേശിഷിക്കുന്നതെന്നും രേവതി വ്യക്തമാക്കി. നടിമാരായ പാര്‍വതി, പദ്മപ്രിയ, ഗീതു മോഹന്‍ദാസ് എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഒന്നാം വാര്‍ഷികം ഏറെ വ്യത്യസ്തമായാണ് ഡബ്ല്യുസിസി ആഘോഷിച്ചത്. ഇതിന്‍റെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ സിനിമയെ ഓരോരുത്തരും സമീപിക്കുന്നതെങ്ങിനെ എന്നതിനെപ്പറ്റി തുറന്ന ചര്‍ച്ച നടന്നു.

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് എങ്ങിനെയാണ് സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആകുക എന്നതായിരുന്നു ഒരു വിഷയം. കൂടാതെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളുമായി ചേര്‍ന്ന് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം എങ്ങിനെ മെച്ചപ്പെടുത്താം എന്നും ഓപ്പണ്‍ ഫോറം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് പാര്‍ശ്വവല്‍ക്കരണത്തിനെതിരെ ഒരു സ്ത്രീ പൊരുതാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ അവളോടൊപ്പം നില്‍ക്കുന്ന കഥ പറയുന്ന കേതന്‍ മെഹ്ത്തയുടെ മിര്‍ച്ച് മസാല എന്ന സിനിമയുടെ പ്രദര്‍ശനത്തോടെയാണ് വാര്‍ഷിക ആഘോഷച്ചടങ്ങുകള്‍ ആരംഭിച്ചത്. ഇതുപോലുള്ള സിനിമകള്‍ തുടര്‍ന്നും പ്രദര്‍ശിപ്പിക്കാനാണ് ഡബ്ല്യുസിസിയുടെ തീരുമാനം.