സ്റ്റെർലൈറ്റ് കമ്പനി ഇനി ഒരിക്കലും തുറക്കില്ല ബാബാ രാംദേവും സദ്​ഗുരുവും പറയുന്നത്  മുഖവിലക്കെടുക്കേണ്ട

തമിഴ്നാട്: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കമ്പനി എന്നെന്നേയ്ക്കുമായി അടച്ചുപൂട്ടിയെന്നും ഇനിയൊരിക്കലും തുറന്ന് പ്രവർത്തിക്കുകയില്ലെന്നും തമിഴ്നാട് മന്ത്രി ഡി. ജയകുമാർ. വളരെ ഉറച്ച തീരുമാനമാണ് ഇക്കാര്യത്തിൽ എടുത്തിരിക്കുന്നത്. രാംദേവിന്റെയും സദ്​ഗുരുവിന്റെയും പ്രസ്താവനകളെ മുഖവിലയ്ക്കെടുക്കേണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് മാസത്തിലാണ് സ്റ്റെർലൈറ്റ് കമ്പനി പൂട്ടിയത്. ഈ വ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വൻ ജനപ്രക്ഷോഭം ഉയർന്നു വന്നിരുന്നു. സമരത്തെ അടിച്ചമർത്താൻ നടത്തിയ പൊലീസ് വെടിവപ്പിൽ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ സ്റ്റെർലൈറ്റ് കമ്പനി തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യവുമായിട്ടാണ് സദ്​ഗുരുവും ബാബാ രാംദേവും രം​ഗത്ത് വന്നത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഡി. ജയകുമാർ. 

- കോപ്പറിനെക്കുറിച്ച് കൂടുതലായി എനിക്കൊന്നുമറിയില്ല. എന്നാൽ ഇന്ത്യ വളരെയധികം കോപ്പർ ഉപയോ​ഗിക്കുന്ന രാജ്യമാണെന്ന് എനിക്കറിയാം. സ്വന്തമായി കോപ്പർ ഉത്പാദിപ്പിക്കാൻ സാധിച്ചില്ല എങ്കിൽ ചൈനയിൽ നിന്നും നമുക്ക് വില കൊടുത്ത് വാങ്ങേണ്ടി വരും. പരിസ്ഥിതി ലംഘനങ്ങൾ നിയമപരമായി നേരിടാവുന്നതാണ്. വൻകിട കമ്പനികളെ ഇല്ലാതാക്കുന്നത് സാമ്പത്തിക ആത്മഹത്യയായി പരി​ഗണിക്കേണ്ടി വരും- സ്റ്റെർലൈറ്റ് കമ്പനിയെ പിന്തുണച്ച് സദ്​​ഗുരു തന്റെ ട്വിറ്ററിൽ ഇങ്ങനെയാണ് കുറിച്ചത്. സിനിമാതാരം സിദ്ധാർത്ഥ് ഉൾപ്പെടെയുള്ളവർ ഈ ട്വീറ്റിനെതിരെ രംഗത്ത് വന്നിരുന്നു. പതിമൂന്ന് പേരുടെ മരണത്തെ പരാമർശിച്ചാണ് സിദ്ധാർത്ഥ് ഈ ട്വീറ്റിന് മറുപടി നൽകിയത്. - കോപ്പറിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇത്. പൗരൻമാരെ വെടിവച്ച് വീഴ്ത്തിയത് കൊലപാതകമാണ്. അതിനെക്കുറിച്ച് സംസാരിക്കൂ എന്നായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി ട്വീറ്റ്. 

വേദാന്ത കമ്പനി ചെയർമാർ അനിൽ അ​ഗർവാളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാത്രം കമ്പനി അടച്ചു പൂട്ടണമെന്നായിരുന്നു ബാബാ രാംദേവ് അഭിപ്രായപ്പെട്ടത്. രാജ്യവികസനത്തിന്റെ ദേവാലയങ്ങളാണ് വ്യവസായ മേഖലകൾ എന്നായിരുന്നു രാംദേവിന്റെ ട്വീറ്റ്. വേദാന്തയുടെ കോപ്പർ പ്ലാന്റ് പൂട്ടേണ്ടി വന്നത് അന്താരാഷ്ട്ര ​ഗൂഢാലോചനയുടെ ഭാ​ഗമായിട്ടാണ്. അതിന് വേണ്ടി അവർ പ്രദേശവാസികളെ ഉപയോ​ഗിച്ചുവെന്നായിരുന്നു ബാബാ ​രാംദേവിന്റെ പ്രസ്താവന. എന്നാൽ സ്റ്റെർലൈറ്റ് പ്ലാൻ‌റിനെതിരെ പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും വൻപ്രതിഷേധവുമായാണ് രം​ഗത്തെത്തിയത്. മാത്രമല്ല ഈ കമ്പനി വൻ പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാരണമാകുമെന്ന് പൊലൂഷൻ കൺട്രോൾ ബോർഡ് വ്യക്തമാക്കിയിരുന്നു.