ഓരോ സെക്കന്റിലും അദ്ദേഹം കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഈ സമയത്ത് മറ്റ് തിരക്കുകൾ ഉണ്ടെന്ന് മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും കുക്കു പരമേശ്വരൻ വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിയുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ. മികച്ച ചെയർമാനെയാണ് ഇത്തവണ ലഭിച്ചിരിക്കുന്നതെന്ന് കുക്കു പരമേശ്വരൻ പറഞ്ഞു. ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളാനുള്ള കരുത്തായത് ചെയർമാനാണ്. ഓരോ സെക്കന്റിലും അദ്ദേഹം കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഈ സമയത്ത് മറ്റ് തിരക്കുകൾ ഉണ്ടെന്ന് മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും കുക്കു പരമേശ്വരൻ വ്യക്തമാക്കി. റസൂൽ പൂക്കുട്ടിയുടെ സാന്നിധ്യം ഇവിടെ ഇല്ലെന്നേയുള്ളൂ, കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കുക്കു പറഞ്ഞു.

കഴിഞ്ഞ മണിക്കൂറുകൾ‌ പ്രതിസന്ധിയിലായിരുന്നുവെന്ന് നടൻ സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു. ഷെഡ്യൂൾ ചെയ്ത എല്ലാ സിനിമകളും പ്രദർശിപ്പിക്കാൻ കേരള സർക്കാരു അക്കാദമിയും തീരുമാനിച്ചുവെന്നും റീ ഷെഡ്യൂളിലെ പ്രശ്നങ്ങൾ പരിഹ​രിക്കുമെന്നും സന്തോഷ് വിശദമാക്കി. കേന്ദ്ര നിലപാടിൽ കൂടുതൽ പ്രതികരണമല്ല മറിച്ച് സിനിമ പ്രദർശിപ്പിക്കുക എന്നതാണ് ലക്ഷ്യം. സർക്കാരിന്റേത് ചരിത്രപരമായ പ്രഖ്യാപനമാണെന്നും സന്തോഷ് കീഴാറ്റൂർ‌ അഭിപ്രായപ്പെട്ടു.