200-ല്‍ കുറവ് സീറ്റുകളുണ്ടെങ്കിലും ബിജെപിക്ക് മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാം. എന്നാല്‍ 200-ല്‍ അധികം സീറ്റുകള്‍ നേടി പാര്‍ട്ടി മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തണം. 

ഭോപ്പാല്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മികച്ച ജയം നേടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ആ വിജയം അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തരം​ഗത്തിന് വഴി തുറക്കുമെന്നും മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അമിത് ഷാ പറഞ്ഞു. 230 സീറ്റുള്ള മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 28-നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ 166 എംഎല്‍എമാരാണ് ഇവിടെ ബിജെപിക്കുള്ളത്. 

200-ല്‍ കുറവ് സീറ്റുകളുണ്ടെങ്കിലും ബിജെപിക്ക് മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാം. എന്നാല്‍ 200-ല്‍ അധികം സീറ്റുകള്‍ നേടി പാര്‍ട്ടി മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തണം. കേരളത്തിലേയും പശ്ചിമബംഗാളിലേയും ആന്ധ്രയിലേയും തെലങ്കാനയിലേയും ബിജെപി പ്രവര്‍ത്തകര്‍ മധ്യപ്രദേശിലേക്ക് ആവേശത്തോടെ ഉറ്റുനോക്കുകയാണ്. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രധാനമാണ്. ഈ തിരഞ്ഞെടുപ്പുകളിലുണ്ടാവുന്ന വിജയം രാജ്യമാകെ തരംഗം സൃഷ്ടിക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ ഒരു സുനാമി പോലെ ബിജെപി ജയിച്ചു കയറും. പശ്ചിമബംഗാളും, ഒഡീഷയും, കേരളവും, ആന്ധ്രാപ്രദേശും,തമിഴ്നാടും, കേരളവും തെലങ്കാനയുമെല്ലാം ആ തരംഗത്തില്‍ ബിജെപി സ്വന്തമാക്കും. - അമിത് ഷാ പറഞ്ഞു. 

കഴിഞ്ഞ അൻപത് വര്‍ഷത്തിനിടയിൽ പ്രവര്‍ത്തകരും നേതാക്കളും നടത്തിയ ത്യാഗമാണ് പാര്‍ട്ടിയ്ക്ക് ഇന്നുണ്ടായ വിജയത്തിന് കാരണമെന്നും ഇതെല്ലാം നമ്മുടെ ഭാഗ്യമാണെന്നും പ്രവര്‍ത്തകരോട് പറഞ്ഞ അമിത് ഷാ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും ജയിച്ച ശേഷം അടുത്ത അന്‍പത് വര്‍ഷത്തേക്ക് പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം പ്രവര്‍ത്തകര്‍ക്കുണ്ടെന്നും ഓര്‍മിപ്പിച്ചു. 

1982-ല്‍ ഞാൻ ബിജെപിയുടെ ഒരു ബൂത്ത് പ്രസിഡന്‍റായിരുന്നു. ഇന്ന് ദേശീയ പ്രസിഡന്റ് ആണ്. ഒരു സാധാരണ പ്രവര്‍ത്തകന് ദേശീയ പ്രസിഡന്‍റ് വരെയായി ഉയരാന്‍ സാധിക്കുന്ന ഒരേ ഒരു പാര്‍ട്ടി ബിജെപിയാണ്. ഒരു ചായ കടക്കാരന്‍റെ മകന് പ്രധാനമന്ത്രിയായി രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള അവസരം സാധ്യമായത് അദ്ദേഹം ഒരു ബിജെപിക്കാരനായതിനാല്‍ മാത്രമാണ്- പ്രവർത്തകരോടായി അമിത് ഷാ പറഞ്ഞു.